ഭക്തലക്ഷങ്ങള്‍ ആറ്റുകാലമ്മയ്ക്ക് പൊങ്കാലയിട്ടു

single-img
16 February 2014

pongalaഭക്തലക്ഷങ്ങള്‍ ആറ്റുകാലമ്മയ്ക്ക് പൊങ്കാലയിട്ടു. രാവിലെ 10.30 ന് ശ്രീകോവിലില്‍ നിന്നും തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരി മേല്‍ശാന്തി നീലകണ്ഠന്‍ നമ്പൂതിരിക്ക് അഗ്നിപകര്‍ന്നു കൈമാറിയതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. നീലകണ്ഠന്‍ നമ്പൂതിരി ക്ഷേത്രത്തിനുള്ളിലെ ചെറിയ തിടപ്പള്ളിയിലേയ്ക്കും പിന്നീട് പ്രദക്ഷിണവീഥിയില്‍ കിഴക്ക് ഭാഗത്തുള്ള വലിയതിടപ്പള്ളിയിലേയ്ക്കും അഗ്നി പകര്‍ന്നു. തുടര്‍ന്ന് സഹമേല്‍ശാന്തിമാര്‍ അഗ്നി അടുപ്പുകളിലേക്ക് പകര്‍ന്നു.

ഉച്ചയ്ക്ക് 2.30 ന് ഉച്ചപൂജയ്ക്ക് ശേഷം ഭണ്ഡാര അടുപ്പിലെ പൊങ്കാല സഹമേല്‍ശാന്തി ഈശ്വരന്‍ നമ്പൂതിരി നിവേദിച്ചു. ഇതിന് ശേഷം ക്ഷേത്രത്തില്‍ നിന്നുള്ള പുണ്യജലവുമായി മുന്നൂറ്റമ്പതോളം ശാന്തിക്കാര്‍ , വിവിധ സ്ഥലങ്ങളിലായി ഇട്ട പൊങ്കാല നിവേദിച്ചു. പൊങ്കാല നിവേദ്യത്തിന് ശേഷം ദീപാരാധനയും ശീവേലിയും കഴിഞ്ഞശേഷം നടയടച്ചു. അല്പസമയത്തിന് ശേഷം വീണ്ടും തുറന്ന നട തിങ്കളാഴ്ച ഉച്ചവരെ തുറന്നിരിക്കും.

രാത്രി ഏഴരയോടെ കുത്തിയോട്ട ബാലന്മാരുടെ ചൂരല്‍കുത്താരംഭിക്കും. രാത്രി പത്തരയോടെ കുത്തിയോട്ട ബാലന്മാരോടൊപ്പമുള്ള പുറത്തെഴുന്നള്ളിപ്പ് നടക്കും. തിങ്കളാഴ്ച രാവിലെ 8.30 ഓടെ അകത്തെഴുന്നള്ളിപ്പ്. തുടര്‍ന്ന് ദീപാരാധന. രാത്രി 7.15 ന് ഭഗവതിസേവയും തുടര്‍ന്ന് അത്താഴപൂജയും ദീപാരാധനയും. രാത്രി 8.30ന് അത്താഴശ്രീബലിക്ക് ശേഷം കാപ്പഴിക്കും. ഇതിനു ശേഷം രാത്രി 12.30 ഓടെ കുരുതി തര്‍പ്പണത്തോടെ പത്തുനാള്‍ നീണ്ട പൊങ്കാല ഉത്സവത്തിന് സമാപനമാകും.