ഓഷ്യന്‍ ഓഫ് ടിയെഴ്സിന്റെ പ്രദര്‍ശനം തടയാന്‍ സംഘപരിവാര്‍ : വിബ്ജിയോര്‍ മേളയിലെ പ്രതിനിധികളുടെ ശക്തമായ പ്രതിരോധം

single-img
15 February 2014

കാശ്മീരിലെ സ്ത്രീകള്‍ അനുഭവിക്കുന്ന മനുഷ്യാവകാശ പ്രശ്നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന “ഓഷ്യന്‍ ഓഫ് ടിയെഴ്സ് ” എന്ന സിനിമയുടെ പ്രദര്‍ശനത്തിനിടെ സംഘപരിവാറിന്റെ അക്രമം.തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ നടക്കുന്ന വിബ്ജിയോര്‍ ഫിലിം ഫെസ്റിവലില്‍ ആണ് സംഘപരിവാര്‍ പ്രവര്‍ത്തകരുടെ സാംസ്കാരിക ഫാസിസം അരങ്ങേറിയത്.എന്നാല്‍ കാണികളുടെ ശക്തമായ പ്രതിഷേധത്തിന് മുന്നില്‍ ഫാസിസം മുട്ടുമടക്കി തിരിച്ചു പോകേണ്ടി വന്ന കാഴ്ചയാണ് ഇന്നലെ തൃശൂരില്‍ അരങ്ങേറിയത്.

സിനിമ ദേശവിരുദ്ധമാണ് എന്നാരോപിച്ചാണ് ബിജെപി അടക്കമുള്ള സംഘപരിവാര്‍ സംഘടനകള്‍ പ്രദര്‍ശനം തടയാനെത്തിയത്.പ്രദര്‍ശനം തടയുമെന്ന് ബി ജെ പി നേരത്തെ പ്രഖ്യാപിച്ചിരുന്നു.അതിന്റെ അടിസ്ഥാനത്തില്‍ വിബ്ജിയോര്‍ മേളയുടെ സംഘാടകര്‍ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടെങ്കിലും പോലീസ് വേണ്ടത്ര സുരക്ഷ ഏര്‍പ്പെടുത്തിയില്ല എന്നും ആരോപണമുണ്ട്.

ബിലാല്‍ എ ജാന്‍ സംവിധാനം ചെയ്ത ഓഷ്യന്‍ ഓഫ് ടിയെഴ്സ് എന്ന സിനിമ നിര്‍മ്മിച്ചത് പബ്ലിക് സര്‍വീസ് ബ്രോഡ്കാസ്റ്റിംഗ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ബാനറില്‍ രാജിവ് മേഹരോതയാണ്.കാശ്മീരിലെ സ്ത്രീകള്‍ അനുഭവിക്കുന്ന മനുഷ്യാവകാശ പ്രശ്നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് അടക്കം ലഭിച്ചതാണ്.എന്നാല്‍ കാശ്മീര്‍ യൂണിവേഴ്സിറ്റിയിലും ഇതിന്റെ പ്രദര്‍ശനം തടഞ്ഞിരുന്നു.ഇന്ത്യന്‍ സൈന്യം നടത്തിയതായി പറയപ്പെടുന്ന കുനന്‍ പുഷ്പോര കൂട്ടബലാല്‍സംഗത്തെക്കുറിച്ച് സിനിമയില്‍ പ്രതിപാദിക്കുന്നു എന്നതാണ് സംഘപരിവാറിനെ ഇത്രയധികം പ്രകൊപിപ്പിക്കുന്നത്.1991-ഫെബ്രുവരി 23-നു കശ്മീരിലെ കുപ്പ്വാര ജില്ലയിലുള്ള കുനന്‍ പുഷ്പോരയില്‍ ഏതാണ്ട് 53 യുവതികള്‍ ബലാല്‍സംഗം ചെയ്യപ്പെട്ട സംഭവത്തിന്‌ പിന്നില്‍ ഇന്ത്യന്‍ സൈന്യം ആണെന്ന് ആരോപണം ഉണ്ടായിരുന്നു.

ഇന്നലെ വൈകിട്ട് ആറരയോടെയാണ് മേളയില്‍ ഈ സിനിമയുടെ പ്രദര്‍ശനം തുടങ്ങിയത്. അപ്പൊള്‍ത്തന്നെ ബി ജെ പി പ്രവര്‍ത്തകര്‍ പുറത്തു പ്രതിഷേധയോഗവും തുടങ്ങി.യോഗത്തിനിടെ ഏതാനും പ്രവര്‍ത്തകര്‍ വന്ദേമാതരം മുഴക്കി സ്റ്റേജിലേയ്ക്ക് ഇടിച്ചു കയറി.ഇത് പ്രദര്‍ശനം അല്‍പ്പനേരം തടസ്സപ്പെടുത്തി.എന്നാല്‍ പ്രോജെക്ടര്‍ അടക്കമുള്ള ഉപകരണങ്ങള്‍ തകര്‍ക്കാനുള്ള ശ്രമം പ്രേക്ഷകര്‍ ഒന്നടങ്കം മനുഷ്യച്ചങ്ങല തീര്‍ത്തു തടഞ്ഞു.സ്ത്രീകള്‍ അടക്കമുള്ള പ്രതിനിധികള്‍ ഗൊ ബാക്ക് വിളികളുമായി പ്രതിഷേധക്കാരെ നേരിട്ടു.ഇതിനിടെ ഗേറ്റ് തുറന്നു അകത്തു കയറിയ നൂറോളം ബി ജെ പി പ്രവര്‍ത്തകര്‍ അക്കാദമി ഹാളിന്റെ ചില്ലുകളും മേളയുടെ പവിലിയനും തകര്‍ത്തു.പിനീട് ബി ജെ പി നേതാക്കളും പോലീസും ചേര്‍ന്ന് ഇവരെ പിന്തിരിപ്പിച്ചു.

ബി ജെ പിയുടെ അക്രമത്തില്‍ പ്രതിഷേധിച്ചു വിബ്ജിയോര്‍ പ്രതിനിധികളും നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.എന്നാല്‍ പൊതുമുതല്‍ അടക്കമുള്ളവ നശിപ്പിച്ചു കൊണ്ട് ഇത്രയും വലിയ അക്രമം നടത്തിയിട്ടും പോലീസ് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

 

httpv://www.youtube.com/watch?v=gtUaHuAqzOE

ചിത്രങ്ങള്‍ക്ക് കടപ്പാട് : ജോസഫ്‌ ലാസര്‍