42 വയസ്സുകാരന്‍ മജീദാണ് താരം

single-img
15 February 2014

child-marriage

14 തിരിച്ചിട്ടാല്‍ 41. അവിടെയും നിന്നില്ല. 41 ന്റെ കൂടെ ഒന്നു കൂടി കൂട്ടി- 42. അതെ 42 വയസ്സുകാരന്‍ മജീദാണ് താരം. 14 വയസ്സുകാരി പെണ്‍കുട്ടിയെ അവളുടെ സാമ്പത്തിക പരാധീനത മുതലെടുത്ത് വിവാഹം കഴിച്ച 42 കാരന്‍ കോഴിക്കോട് പാനൂര്‍ സ്വദേശി മജീദിനെ ബാലുശ്ശേരി പോലസ് അറസ്റ്റുചെയ്തു.

മലപ്പുറം ചെമ്മാട് സ്വദേശിനിയായ യുവതിയുടെ 14 വയസ്സുള്ള മകളെയാണ് പെണ്‍കുട്ടിയുടെ രണ്ടാനച്ഛന്റെ സഹായത്തോടെ മജീദ് വിവാഹം ചെയ്തത്. ദാരിദ്ര്യത്തില്‍ കഴിഞ്ഞിരുന്ന പെണ്‍കുട്ടിയുടെ സാഹചര്യം മുതലെടുത്തായിരുന്നു വിവാഹമെന്നാണ് പോലീസ് പറയുന്നത്. പെണ്‍കുട്ടിയുടെ രണ്ടാനച്ഛന്‍ മജീദില്‍ നിന്നും വാങ്ങിയ ഭീമമായ തുകയ്ക്കു പകരം മജീദ് പെണ്കുട്ടിയെ ചോദിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

പെണ്‍കുട്ടിയുടെ മാതാവ് കുപ്രസിദ്ധമായ മൈസൂര്‍ കല്ല്യാണത്തിന്റെ ഇരയാണ്. അതിലുള്ളതാണ് ഈ പെണ്‍കുട്ടി. ഭര്‍ത്താവ് ഉപേക്ഷിച്ചതിനെ തുടര്‍ന്ന് രണ്ടാമത് വിവാഹം കഴിച്ച് പാലക്കാട്ട് താമസിച്ചു വരികയായിരുന്ന ഇവര്‍ ഒന്നരമാസം മുമ്പ് കോഴിക്കോട് വീട് വാടകയ്ക്ക് എടുത്ത് അവിടേക്ക് മാറുകയായിരുന്നു. പെണ്‍കുട്ടിയെ ഉണ്ണിക്കുളം ജി.യു.പി സ്‌കുളില്‍ ആറാം ക്ലാസില്‍ ചേര്‍ക്കാന്‍ ചെന്നപ്പോഴാണ് സംഭവങ്ങളുടെ ചുരുളഴിയുന്നത്. മൈസൂരിലായതിനാല്‍ പഠനം വൈകിയതു കൊണ്ടാണ് താമസിച്ചു ചേര്‍ക്കുന്നതെന്നാണ് സ്‌കൂള്‍ അധികൃതരെ അറിയിച്ചത്.

എന്നാല്‍ സംശയം തോന്നി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സ്‌കൂളില്‍ എത്തിയതോടെയാണ് പെണ്‍കുട്ടിയുടെ വിവാഹക്കാര്യം പറംലോകമറിയുന്നത്. തന്റെ സമ്മതമില്ലാതെ വിവാഹം നടത്തുകയായിരുന്നുവെന്ന് പെണ്‍കുട്ടി ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരെ അറിയിച്ചതനുസരിച്ച് അവര്‍ ബാലുശ്ശേരി പോലീസില്‍ അറിയിക്കുകയായിരുന്നു.

ബാലവിവാഹത്തിന് മൈസൂരുകാരും മാലിക്കാരും മാത്രമല്ല മലയാളികളായ മജീദുമാരുമുണ്ടെന്ന് തെളിഞ്ഞിരിക്കുകയാണ് ഈ സംഭവത്തിലൂടെ.