എ.ടി.എം ഭയമില്ലാതെ ജ്യോതി ജോലിക്കെത്തി; പോലീസ് ഇരുട്ടില്‍ തപ്പി തീര്‍ന്നില്ല

single-img
15 February 2014

jyothiബാംഗ്ലൂരിലെ എടിഎം കൗണ്ടറില്‍ ക്രൂരമായി അക്രമിക്കപ്പെട്ട മലയാളി യുവതി ജ്യോതി ഉദയ് മൂന്നു മാസത്തെ ചികിത്സയ്ക്കും വിശ്രമത്തിനും ശേഷം തിരികെ ജോലിയില്‍ പ്രവേശിപ്പിച്ചു. ബാംഗളൂര്‍ കോര്‍പ്പറേഷന്‍ ബാങ്ക് ബ്രാഞ്ചില്‍ തിരികെയെത്തിയ ജ്യോതിയെ ജീവനക്കാരും സഹപ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരിച്ചു.

ആക്രമണത്തില്‍ തലയ്ക്കും മുഖത്തുമേറ്റ മുറിവുകള്‍ ഉണങ്ങിയെങ്കിലും പാടുകള്‍ മാഞ്ഞിട്ടില്ല. ജോലിയില്‍ തിരിച്ചെത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്‌ടെന്നും വീണ്ടും എടിഎം കൗണ്ടറില്‍ പോകാന്‍ തനിക്ക് ഭയമില്ലെന്നും ജ്യോതി ചിരിച്ചുകൊണ്ട് പറഞ്ഞു.

കഴിഞ്ഞ നവംബര്‍ 19നാണ് എന്‍.ആര്‍. സ്‌ക്വെയറിനു സമീപമുള്ള കോര്‍പ്പറേഷന്‍ ബാങ്ക് എടിഎം കൗണ്ടറില്‍ വച്ച് ജ്യോതി അക്രമിക്കപ്പെട്ടത്. സംഭവം രാജ്യതലത്തില്‍ വന്‍ വാര്‍ത്തയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ ജ്യോതിയെ ശസ്ത്രക്രിയക്കു വിധേയമാക്കി. ഷട്ടര്‍ താഴ്ത്തി എ.ടി.എമ്മിനുള്ളില്‍ കയറി ആക്രമിച്ച പ്രതി പണവും ഡെബിറ്റ് കാര്‍ഡുകളും കവര്‍ന്ന് കൗണ്ടറിന്റെ ഷട്ടര്‍ താഴ്ത്തി രക്ഷപെടുകയായിരുന്നു.

അന്വോഷണം മൂന്നുമാസം പിന്നിടുമ്പോഴും പോലീസ് ഇപ്പോഴും ഇരുട്ടില്‍ തപ്പുകയാണ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചെങ്കിലും പ്രതിയെ പിടികൂടാനോ എന്തെങ്കിലും വിവരങ്ങള്‍ ശേഖരിക്കുവാനോ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.