ദേവദാസി സമ്പ്രദായം നിര്‍ത്തലാക്കണമെന്ന് കര്‍ണാടകസര്‍ക്കാരിനോട് സുപ്രീംകോടതി

single-img
14 February 2014

ന്യൂഡല്‍ഹി: പെണ്‍കുട്ടികളെ ദേവദാസികളായി ക്ഷേത്രങ്ങളില്‍ സമര്‍പ്പിക്കുന്ന സമ്പ്രദായം അവസാനിപ്പിക്കാന്‍ കര്‍ണാടക സര്‍ക്കാറിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. വെളുത്തവാവ് ദിവസമായ വ്യാഴാഴ്ച രാത്രി കര്‍ണാടക-മഹാരാഷ്ട്ര അതിര്‍ത്തിയില്‍ ഹാരപ്പനഹള്ളി താലൂക്കിലെ ഉത്തരാംഗ് മാല ദുര്‍ഗ്ഗ ക്ഷേത്രത്തില്‍ നടക്കേണ്ട ‘ദേവദാസി സമര്‍പ്പണ’ ചടങ്ങ് തടയാനും നിര്‍ദേശമുണ്ട്.

ഈ ചടങ്ങിനെതിരായി എസ്.എല്‍ ഫൗണ്ടേഷന്‍ എന്ന എന്‍.ജി.ഒ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ച് ചീഫ് ജസ്റ്റിസ് പി. സദാശിവം അധ്യക്ഷനായ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.ഇത്തരം അനാചാരങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നതായി ചൂണ്ടിക്കാട്ടിയ ഹര്‍ജിക്കാര്‍ ഇത് നിര്‍ത്തലാക്കാന്‍ സുപ്രീംകോടതി ഇടപെടണമെന്നും ആവശ്യപ്പെട്ടിരുന്നു.

ഇതു സംബന്ധിച്ച് കേന്ദ്രത്തിനും കര്‍ണാടക, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് സര്‍ക്കാറുകള്‍ക്കും സുപ്രീംകോടതി നോട്ടീസയച്ചിട്ടുണ്ട്.