ഇന്തോനേഷ്യയില്‍ അഗ്നിപര്‍വ്വതസ്ഫോടനം : രണ്ടുലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിക്കുന്നു

single-img
14 February 2014

ഈസ്റ്റ് ജാവ : ഇന്തോനേഷ്യയിലെ ഈസ്റ്റ് ജാവയിലുള്ള  മൌണ്ട് കെല്യൂദ് അഗ്നിപര്‍വ്വതം പൊട്ടിയതിനെത്തുടര്‍ന്നുണ്ടായ ചാരവും പുകപടലങ്ങളും ഏതാണ്ട് 130 കിലോമീറ്റര്‍ ചുറ്റളവിലുള്ള ആളുകളെ ഭവനരഹിതരാക്കി.കിഴക്കന്‍ ജാവയിലെ സുരബായ നഗരം അടക്കമുള്ള പ്രദേശങ്ങളാണ് ചാരവും പൊടിപടലങ്ങളും കൊണ്ട് നിറഞ്ഞത്‌.പൊടിപടലങ്ങളുടെ ഭാരം കൊണ്ട് ഒരു വീട് തകര്‍ന്നു രണ്ടുപേര്‍ മരിച്ചിട്ടുണ്ട്.

മിക്കവാറും പട്ടണങ്ങളിലും ഏതാണ്ട് 4 സെന്റിമീറ്റര്‍ വരെ കനത്തില്‍ പൊടിപടലങ്ങള്‍ മൂടിയിട്ടുണ്ട്‌. സുരബായ,സോളോ,യോഗ്യക്കാര്‍ത്ത തുടങ്ങിയ മൂന്നു എയര്‍പോര്‍ട്ടുകള്‍ അടച്ചുപൂട്ടി.

airport

അഗ്നിപര്‍വതം പൊട്ടുന്നതിനു ഏതാണ്ട് ഒരു മണിക്കൂര്‍ മുന്നേ തന്നെ അധികാരികള്‍ ജനങ്ങള്‍ക്ക്‌ മുന്നറിയിപ്പ് നല്‍കിയിരുന്നു.അഗ്നിപര്‍വതത്തിന്റെ ചുറ്റും ഉള്ള സ്ഥലങ്ങളില്‍ പാര്‍ക്കുന്ന രണ്ടു ലക്ഷത്തോളം പേരോട് വീട് വിട്ടു സുരക്ഷിത സ്ഥാനങ്ങളിലെയ്ക്ക് മാറാന്‍ നിര്‍ദ്ദേശം നല്‍കിയത്.ഇതില്‍ ഒരു ലക്ഷം പേരെ മാറ്റാന്‍ സര്‍ക്കാരിന്റെ ദുരന്ത നിവാരണ സേനയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

5600 അടി ഉയരമുള്ള മൌണ്ട് കെല്യൂദ് പര്‍വതം ആഴ്ചകളായി പുകഞ്ഞു കൊണ്ടിരിക്കുകയായിരുന്നു.വ്യാഴാഴ്ച്ച വൈകുന്നേരമാണ് ഇത് പൊട്ടിയത്. ചാരവും പൊടിപടലങ്ങളും ഏതാണ്ട് 200 കിലോമീറ്റര്‍ ദൂരെ തെറിച്ചു വീഴുകയുണ്ടായി.ഇന്തോനേഷ്യയില്‍ സജീവമായ 130 അഗ്നിപര്‍വ്വതങ്ങള്‍ എങ്കിലും ഉണ്ടെന്നാണ് കണക്ക്.1990-ലാണ് ഇവിടെ അവസാനം അഗ്നിപര്‍വതസ്ഫോടനം ഉണ്ടായത്.അന്ന് നിരവധിപേര്‍ മരിച്ചിരുന്നു.1919-ല്‍ ഉണ്ടായ ശക്തമായ അഗ്നിപര്‍വ്വത സ്ഫോടനത്തില്‍ ഏതാണ്ട് 5000 പേരാണ് മരിച്ചത്.

debris

dust

ചിത്രങ്ങള്‍ക്ക് കടപ്പാട് : റോയിട്ടേഴ്സ് , എ എഫ് പി,ബിബിസി