യോഗത്തില്‍ ഉദ്യോഗസ്ഥനെ അപമാനിച്ചിട്ടില്ലെന്ന് പി. ചിദംബരം

single-img
14 February 2014

chidambaram_newsleaks5സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനെ ഉന്നതതല യോഗത്തില്‍ പങ്കെടുക്കവേ അപമാനിച്ചുവെന്ന ആരോപണം ധനമന്ത്രി പി.ചിദംബരം നിഷേധിച്ചു. നഗരവികസന സെക്രട്ടറി സുധീര്‍ കൃഷ്ണയാണ് മന്ത്രിക്കെതിരേ പരാതി നല്‍കിയത്.

ജനറം പദ്ധതിയുമായി ബന്ധപ്പെട്ട ഉന്നതതല യോഗത്തില്‍ വെച്ച് താന്‍ സംസാരിച്ച ഇംഗ്ലീഷ് മനസിലാകുന്നില്ലെന്നും ഹിന്ദിയില്‍ സംസാരിച്ചാല്‍ മതിയെന്നും തനിക്ക് മറ്റ് ഉദ്യോഗസ്ഥര്‍ പരിഭാഷപ്പെടുത്തി തരുമെന്നും പറഞ്ഞ് ചിദംബരം അവഹേളിച്ചെന്നാണ് സുധീറിന്റെ പരാതി. പ്രധാനമന്ത്രി സംഭവത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് നഗരവികസന മന്ത്രി കമല്‍ നാഥിനാണ് അദ്ദേഹം പരാതി നല്‍കിയത്.

എന്നാല്‍ മനഃപൂര്‍വ്വം താന്‍ ആരുടെയും വികാരങ്ങള്‍ വ്രണപ്പെടുത്താന്‍ താന്‍ ശ്രമിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. യോഗത്തില്‍ സുധീര്‍ ഇംഗ്ലീഷും ഹിന്ദിയും ഇടകലര്‍ത്തിയാണ് സംസാരിച്ചത്. ഇത് തനിക്ക് മനസിലായില്ല. സുധീറിന് സൗകര്യപ്രദം ഹിന്ദിയാണെങ്കില്‍ ആ ഭാഷയില്‍ സംസാരിച്ചാല്‍ മതിയെന്നും മറ്റ് ഉദ്യോഗസ്ഥര്‍ തനിക്ക് ആശയം വ്യക്തമാക്കിത്തന്നാല്‍ മതിയെന്നുമാണ് പറഞ്ഞതെന്നും ചിദംബരം വ്യക്തമാക്കി.