തന്നെ രക്ഷിക്കണം : മുഖ്യമന്ത്രിയ്ക്ക് പറവൂര്‍ പീഡനക്കേസ് ഇരയുടെ കത്ത്

single-img
13 February 2014

കൊച്ചി: വിചാരണ എത്രയും പെട്ടെന്നു പൂര്‍ത്തിയാക്കി ഒബസര്‍വേഷന്‍ ഹോമിലെ തടവില്‍ നിന്നും തന്നെ രക്ഷിക്കണമെന്ന് അപേക്ഷിച്ച് കൊണ്ട് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പറവൂര്‍ പെണ്‍വാണിഭക്കേസ് ഇരയുടെ കത്ത്. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ക്ക് പണം നല്‍കാത്തതിനാല്‍ അപേക്ഷ കൊടുത്ത് കേസ് മാറ്റിയതായി കത്തില്‍ പറയുന്നു. രണ്ട് കൊല്ലത്തിനുള്ളില്‍ കേസ് തീര്‍പ്പാക്കണമെന്ന് ഹൈക്കോടതി ഉത്തരവുണ്ടായിട്ടും വിചാരണ അനന്തമായി നീളുന്നുവെന്നും കത്തില്‍ പെണ്‍കുട്ടി പറയുന്നു.

പ്രതികളില്‍ നിന്നും അനുഭവിച്ചതില്‍ കൂടുതല്‍ മാനസിക സംഘര്‍ഷം ഞാന്‍ കോടതിയില്‍ അനുഭവിക്കുന്നു. പ്രതികളുടെ അഭിഭാഷകര്‍ എന്തൊക്കെയാണ് ചോദിക്കുന്നത്. കേസ് തീരാതെ പുറത്തിറങ്ങാനോ പഠിക്കാനോ കഴിയാതെ ഞാന്‍ തടവില്‍ കഴിയുന്നു.എന്നെ നശിപ്പിച്ചവര്‍ ജാമ്യമെടുത്ത് സുഖമായി ജീവിക്കുന്നു. 42ഓളം കേസുകളില്‍ വിചാരണ നടക്കാനുണ്ട്. വിചാരണയുടെ വേഗത ഇങ്ങനെയെങ്കില്‍ കേസ് തീരാന്‍ വര്‍ഷങ്ങളെടുക്കും. അങ്ങനെയെങ്കില്‍ എന്റെ അവസ്ഥ എന്താകുമെന്ന് പേടിയുണ്ട്.പെണ്‍കുട്ടി തന്റെ ആശങ്കകകള്‍ കത്തില്‍ പങ്കുവെക്കുന്നു.ജനുവരി 27,29 തിയതികളില്‍ വിസ്താരം തീരുമാനിച്ചിരുന്നെങ്കിലും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ക്ക് വിചാരണ കഴിഞ്ഞ 6 കേസുകളിലെ ഫീസ് ലഭിക്കാത്തതിനാല്‍ അപേക്ഷ നല്‍കി കേസ് മാറ്റിയ കാര്യവും പെണ്‍കുട്ടി കത്തില്‍ സൂചിപ്പിക്കുന്നു.

40 പേര്‍ക്ക് സൗകര്യമുള്ള പുനരധിവാസ കേന്ദ്രത്തില്‍ 120 പേര്‍ താമസിക്കുമ്പോള്‍ ഉണ്ടാക്കുന്ന ദുരവസ്ഥയും കത്തിലുണ്ട്.കേസുകള്‍ തീര്‍ന്ന് നന്നായി പഠിച്ച് തന്നെ നശിപ്പിച്ചവര്‍ക്ക് മുന്നില്‍ ജീവിച്ച് കാണിക്കണമെന്ന് ആഗ്രഹം വ്യക്തമാക്കുന്ന കത്ത് അതിന് സഹായിക്കണമെന്ന അഭ്യര്‍ത്ഥനയോടെയാണ് അവസാനിക്കുന്നത്.

പോലീസിന്റെ സാന്നിധ്യത്തില്‍ പറവൂര്‍ പെണ്‍കുട്ടി മുഖ്യമന്ത്രിക്കെഴുതിയ കത്തിലും ഭീകരമാണ് ഒബ്‌സര്‍വേഷന്‍ ഹോമുകളുടെ അവസ്ഥ. പറവൂര്‍ പെണ്‍കുട്ടിയെ പുനരധിവാസ കേന്ദ്രത്തില്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചതായി മറ്റൊരു പീഡനക്കേസ് ഇര വെളിപ്പെടുത്തി. ഒബ്‌സര്‍വേഷന്‍ ഹോമുകളിലെ നരകയാതനയും സുരക്ഷാ ഭീഷണിയും പെണ്‍കുട്ടിയുടെ വാക്കുകളിലുണ്ട്.പ്രത്യേക ശ്രദ്ധയും പരിചരണവും അത്യാവശ്യമുള്ള ഇരകള്‍ മാനസികവും ശാരീരികവുമായ പീഡനങ്ങളാണ് പുനരധിവാസ കേന്ദ്രത്തില്‍ നേരിടുന്നത്.