പെന്‍ഗ്വിന്‍ ബുക്സ് “ഹിന്ദു ബദല്‍ ചരിത്രം ” പിന്‍വലിക്കുന്നു : തീരുമാനം ഹിന്ദുമതസംഘടനകളുടെ സമ്മര്‍ദ്ദം മൂലം

single-img
12 February 2014

തങ്ങള്‍  പുറത്തിറക്കിയ “The Hindus: An Alternative History” (ഹിന്ദുക്കള്‍ : ഒരു ബദല്‍ചരിത്രം) എന്ന പുസ്തകം പിന്‍വലിക്കാന്‍ പെന്‍ഗ്വിന്‍ ബുക്സ്‌  ഇന്ത്യ തീരുമാനിച്ചു.പുസ്തകം ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചു ശിക്ഷാ ബച്ചാവോ ആന്ദോളന്‍ എന്ന സംഘടന 2011-ല്‍ കോടതിയെ സമീപിച്ചിരുന്നു.

തെറ്റുകുറ്റങ്ങള്‍ നിറഞ്ഞതും പക്ഷപാതപരവുമാണ് പുസ്തകമെന്ന് സംഘടന ആരോപിച്ചു കൊണ്ടാണ് ഡല്‍ഹിയിലെ ശിക്ഷാ ബചാവോ ആന്തോളന്‍ കമ്മിറ്റി എന്ന സംഘടന പുസ്തകത്തിനെതിരെ രംഗത്തെത്തിയത് . തുടര്‍ന്ന് കോടതിയുടെ പിന്തുണയോടെ നടന്ന മധ്യസ്ഥനീക്കത്തിലാണ് പുസ്തകം പിന്‍വലിക്കാമെന്ന് പെന്‍ഗ്വിന്‍ ബുക്‌സ് അറിയിച്ചത്.ആറുമാസത്തിനുള്ളില്‍ മുഴുവന്‍ കോപ്പിയും ഇന്ത്യയില്‍നിന്ന് തിരിച്ചുവിളിച്ച് നശിപ്പിക്കുമെന്നും പുസ്തകം വില്‍ക്കുകയോ പുനഃപ്രസിദ്ധീകരിക്കുകയോ ചെയ്യില്ലെന്നുമാണ് കരാര്‍ . ഈ തീരുമാനത്തിനെതിരെ ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഉയരുകയാണ്.

തീരുമാനം നിരാശാജനകമാണെന്ന് ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ ട്വിറ്ററില്‍ പ്രതികരിച്ചു. പെന്‍ഗ്വിന്‍ ഹൈകോടതിയില്‍ അപ്പീല്‍ പോകണമായിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.പെന്‍ഗ്വിന്റെ തീരുമാനം നിരാശാജനകമാണെന്നും ഇത്തരം സെന്‍സര്‍ഷിപ്പിനെതിരെ ശക്തമായ പ്രതികരണം ഉയരണമെന്നും എഴുത്തുകാരനായ സ്വപന്‍ദാസ് ഗുപ്ത പറഞ്ഞു.മോശമായ നടപടിയാണിതെന്നു പ്രതികരിച്ച കേന്ദ്രമന്ത്രി ജയറാം രമേശ് പുസ്തകത്തില്‍ മതനിന്ദ ഒന്നും ഇല്ലെന്നും കൂട്ടിച്ചേര്‍ത്തു .

ദീര്‍ഘകാലമായി ഇന്ത്യന്‍ ചരിത്രത്തിലും സംസ്‌കാരത്തിലുമൊക്കെ ഗവേഷണം നടത്തിവരികയാണ് വെന്‍ഡി ഡോണിഗര്‍. 2009-ലാണ് ‘ഹിന്ദുക്കള്‍: ഒരു ബദല്‍ചരിത്രം’ ഇവര്‍ പ്രസിദ്ധീകരിച്ചത്. പുസ്തകത്തിനെതിരെ 2011-ല്‍ ശിക്ഷാ ബചാവോ ആന്തോളന്‍ കോടതിയെ സമീപിച്ചു. ഹിന്ദു വിശുദ്ധഗ്രന്ഥങ്ങളെ രതിയുടെ പശ്ചാത്തലത്തിലാണ് പുസ്തകത്തില്‍ അവതരിപ്പിച്ചതെന്ന് അവര്‍ കുറ്റപ്പെടുത്തി.രാമായണം ഒരു കെട്ടുകഥയാണെന്ന് സമര്‍ത്ഥിക്കുന്നതിലൂടെ ലോകത്തെ മുഴുവന്‍ ഹിന്ദുക്കളുടെയും വികാരങ്ങളെ പുസ്തകം വ്രണപ്പെടുത്തി എന്നാണു സംഘടനയുടെ വാദം. തുടര്‍ന്നാണ് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പിലെത്താന്‍ ഈയിടെ ധാരണയിലെത്തിയത്. ധാരണപ്രകാരം ആറുമാസത്തിനകം വിപണിയിലുള്ള പുസ്തകത്തിന്റെ പ്രതികള്‍ മുഴുവന്‍ തിരിച്ചുവിളിക്കാമെന്നും നശിപ്പിക്കാമെന്നുമാണ് പെന്‍ഗ്വിന്‍ വാഗ്ദാനം ചെയ്തത്. ഈ പുസ്തകം ഇനി പ്രസിദ്ധീകരിക്കുകയോ വിതരണത്തിനെടുക്കുകയോ ഇല്ലെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.