നിലമ്പൂര്‍ കൊലപാതകത്തിനു പിന്നില്‍ ഉന്നതരുടെ പങ്ക് വ്യക്തമെന്ന് ബന്ധുക്കള്‍

single-img
12 February 2014

നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസില്‍ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ ഉന്നതര്‍ക്കും പങ്കെന്ന് ബന്ധുക്കള്‍ ആരോപിച്ചു. നിലമ്പൂര്‍ കോവിലകത്തുമുറി ചിറക്കല്‍ വീട്ടില്‍ രാധയെയാണ് (49) മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം ബിജുനായര്‍(38), സുഹൃത്ത് ഷംസുദ്ദീന്‍ (29) എന്നിവര്‍ കൊലപ്പെടുത്തിയത്.

മൃതദേഹത്തിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ മാനഭംഗം നടന്നതായി വ്യക്തമാക്കുന്നുണ്ട്. രാധയുടെ വായും മൂക്കും പ്ലാസ്റ്റര്‍കൊണ്ടു ഒട്ടിച്ചിരുന്നു. ഇതും മരണകാരണമായതായി ഡോക്ടര്‍മാര്‍ പറഞ്ഞു.

സംഭവത്തിനു പിന്നില്‍ ബ്ലാക്ക്‌മെയിലിംഗും പരസ്ത്രീബന്ധവുമാണെന്നാണ് പ്രതികള്‍ നേരത്തെ മൊഴി നല്‍കിയത്. മറ്റൊരു യുവതിയുമായുള്ള ബന്ധം പുറത്തുപറയുമെന്ന് പറഞ്ഞു രാധ പണം വാങ്ങിവരികയായിരുന്നുവെന്നാണ് ബിജു പറഞ്ഞത്. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ക്രൂരമായ ബലാത്സംഗത്തിനിരയായാണ് രാധ കൊല്ലപ്പെട്ടിരിക്കുന്നുവെന്നുള്ളത് നിര്‍ണായക വഴിത്തിരിവാണ് കേസില്‍ ഉണ്ടാക്കിയിരിക്കുന്നത്.

കോണ്‍ഗ്രസ് ഓഫീസില്‍ ഒരുദിവസം മൃതദേഹം സൂക്ഷിച്ചത് മറ്റാരും അറിഞ്ഞില്ലെന്ന് പറയുന്നത് വിശ്വസിക്കാനാവില്ലെന്നും സംഭവത്തിനുശേഷം മൃതദേഹം ഒളിപ്പിക്കാന്‍ ഉന്നതരുടെ സഹായം ഉണ്ടായിരുന്നുവെന്നും അതിനാല്‍ തന്നെ ഈ കൊലപാതകത്തില്‍ ഉന്നതര്‍ക്ക് പങ്കുണ്ടെന്നുമാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

ചുള്ളിയോട് ഉണ്ണിക്കുളത്തിനു സമീപം സ്വകാര്യവ്യക്തിയുടെ സ്ഥലത്തുള്ള കുളത്തിലാണ് ഞായറാഴ്ച വൈകുന്നേരം ചാക്കില്‍ കെട്ടിയ നിലയില്‍ രാധയുടെ മൃതദേഹം കണെ്ടത്തിയത്. തുടര്‍ന്ന് രാധയുടെ മരണത്തില്‍ ദുരൂഹതയുണെ്ടന്ന് ബന്ധുക്കള്‍ ആരോപിക്കുകയായിരുന്നു. അതേസമയം സംഭവത്തില്‍ കൂടുതല്‍ ഉന്നതര്‍ക്ക് പങ്കുണെ്ടന്ന് ബന്ധുക്കള്‍ ആരോപിച്ചു.

രണ്ടുപേരെ മാത്രമായി കേസില്‍ ഉള്‍പ്പെടുത്തി കേസ് ഒതുക്കാനാണ് ശ്രമമെന്നും അതിനാല്‍ ഉന്നതതല അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരണമെന്ന് രാധയുടെ സഹോദരന്‍ ഭാസ്‌കരന്‍ ആവശ്യപ്പെട്ടു.