ബാങ്ക്‌പണിമുടക്ക് വ്യാപാരമേഖലയ്ക്ക് നഷ്ടം 400 കോടി

single-img
11 February 2014

bankരാജ്യത്ത് ബാങ്കിങ്പണിമുടക്ക് ഫലത്തില്‍ മൂന്നരദിവസത്തെ പണിമുടക്കായി. ബാങ്കിങ്‌മേഖല സ്തംഭിച്ചത് വ്യാപാര വ്യവസായ മേഖലകളെയാണ് മുഖ്യമായും ബാധിച്ചത്. കേരള ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ കണക്കു പ്രകാരം ബാങ്ക്‌സമരം മൂലം വ്യാപാരമേഖലയ്ക്ക്മാത്രം 400 കോടിയലധികം രൂപയുടെ നഷ്ടമുണ്ടാകും.എടിഎമ്മുകളില്‍ പണം കുറഞ്ഞത് വ്യാപാരമേഖലയിലും മാന്ദ്യം പടര്‍ത്തി. 15 ശതമാനത്തിലധികം എടിഎമ്മുകള്‍ തിങ്കളാഴ്ച രാത്രിയോടെ കാലിയായി. ശനിയാഴ്ച പരമാവധി പണം ബാങ്കധികൃതര്‍ എടിഎമ്മുകളില്‍ നിക്ഷേപിച്ചിരുന്നു.

എന്നാല്‍, പണിമുടക്ക് മുന്നില്‍ക്കണ്ട് ചിലര്‍ കൂടുതലായി പണമെടുത്തതാണ് പലയിടത്തും പ്രശ്‌നമായത്. 5393 എടിഎമ്മുകളാണ് സംസ്ഥാനത്ത്. ഇതില്‍ 35 ലക്ഷം രൂപവരെ നിറയ്ക്കാം. ചില ബാങ്കുകള്‍ക്ക് കറന്‍സിക്ഷാമമുണ്ടായതിനാല്‍ എടിഎമ്മുകള്‍ പൂര്‍ണമായി നിറയ്ക്കാനായില്ല. പലയിടത്തും ഏജന്‍സികളാണ് എടിഎമ്മുകളില്‍ പണം വെയ്ക്കുന്നത്. മൂന്നുദിവസം അടുപ്പിച്ച് ബാങ്കുകള്‍ തുറക്കാതെ വരുന്നതിനാല്‍ ഏജന്‍സികളുടെ പക്കലും പണം കുറവായിരിക്കും. ചൊവ്വാഴ്ച രാത്രിയോടെ പകുതിയോളം എടിഎമ്മുകളും ശൂന്യമാകുമെന്നാണ് ബാങ്കിങ്‌മേഖലയിലുള്ളവര്‍ പറയുന്നത്. എന്നാല്‍, പുതുതലമുറ സ്വകാര്യബാങ്കുകളെ പണിമുടക്ക് ബാധിക്കാത്തതിനാല്‍ അവരുടെ എടിഎമ്മുകളില്‍നിന്നും പണം പിന്‍വലിക്കാന്‍ കഴിയും.

സഹകരണ ബാങ്കുകളുടെ എടിഎമ്മുകളിലും പണമുണ്ടാകും.5100ല്‍ പരംവരുന്ന ബാങ്ക്ശാഖകള്‍ തിങ്കളാഴ്ച കേരളത്തില്‍ പ്രവര്‍ത്തിച്ചിട്ടില്ല. ഓഫീസര്‍മാരും ജീവനക്കാരുമടക്കം 35,000ത്തോളം പേര്‍ പണിമുടക്കിയെന്നാണ് കണക്ക്.രാജ്യവ്യാപകമായി ബാങ്കുകള്‍ പ്രതിദിനം 2.75 കോടി ഇടപാടുകളിലായി മൂന്നുലക്ഷം കോടി രൂപയുടെ ഇടപാടാണ് നടത്തുന്നത്. ഇലക്‌ട്രോണിക് ട്രാന്‍സ്ഫറടക്കമുള്ള സൗകര്യങ്ങള്‍ നിശ്ചലമായി.കയറ്റുമതിമേഖലയേയും ബാങ്ക്പണിമുടക്ക് ബാധിച്ചു. ചെറുകിട കച്ചവടക്കാരാണ് ഏറെ ബുദ്ധിമുട്ടിയത്. ശനിയാഴ്ച ഉച്ചകഴിഞ്ഞപ്പോള്‍ മുതല്‍ ബാങ്കിടപാടുകള്‍ മുറിഞ്ഞത് പലരെയും ഞെരുക്കത്തിലാക്കി. സമുദ്രോത്പന്ന കയറ്റുമതിമേഖലയ്ക്കും സമരം പ്രശ്‌നമായിട്ടുണ്ട്. ഓവര്‍ഡ്രാഫ്റ്റ് ഉള്‍പ്പെടെയുള്ള ഇടപാടുകള്‍ മുടങ്ങിയതാണ് വ്യാപാരസമൂഹത്തിന് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയത്.