വടക്കു കിഴക്കന്‍ അല്‍ജീരിയയില്‍ സൈനിക വിമാനം തകര്‍ന്ന് 77 പേര്‍ മരിച്ചു : മൂന്നു ദിവസം ദേശീയ ദുഃഖാചരണം

single-img
11 February 2014

algeriaplaneവടക്കു കിഴക്കന്‍ അല്‍ജീരിയയില്‍ സൈനിക വിമാനം തകര്‍ന്ന് 77 പേര്‍ മരിച്ചു.  തലസ്ഥാന നഗരമായ അള്‍ജിയേഴ്‌സില്‍ നിന്ന് 500 കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായത്.

സൈനികരും അവരുടെ കുടുംബവും അടക്കം 78 പേര്‍ വിമാനത്തിലുണ്ടായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് ആംബുലന്‍സ് അടക്കമുള്ള വിദഗ്ധ സംഘം സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. സൈന്യത്തിന്റെ സി-130 ഹെര്‍ക്കുലീസ് വിമാനമാണ് തകര്‍ന്നത്.

ഒരാള്‍ മാത്രമേ രക്ഷപെട്ടുള്ളൂ.ഇദ്ദേഹം തലയ്ക്കു ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിലാണ്. മോശം കാലാവസ്ഥയാണ് അപകട കാരണമെന്ന് ടി.വി. ചാനല്‍ അറിയിച്ചു.എന്നാല്‍ സൈനിക വൃത്തങ്ങള്‍ ഇത് സ്ഥിരീകരിച്ചിട്ടില്ല.സംഭവത്തില്‍ അള്‍ജീരിയന്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

സംഭവത്തില്‍ അള്‍ജീരിയന്‍ സര്‍ക്കാര്‍ മൂന്നു ദിവസത്തെ ദേശീയ ദുഖാചരണം പ്രഖ്യാപിച്ചു.മരിച്ച സൈനികരെ “രക്തസാക്ഷികള്‍ ” എന്നാണു പ്രസിഡന്റ്റ് അബ്ദുല്‍ അസീസ്‌  വിശേഷിപ്പിച്ചത്‌.2003-ന് ശേഷം അള്‍ജീരിയയിലുണ്ടാവുന്ന വലിയ വിമാനാപകടമാണിത്. അന്ന് ഒരു ബോയിംഗ് 737 വിമാനം പറന്നുയര്‍ന്നയുടന്‍  തകര്‍ന്നുവീണ് 102 പേര്‍ മരിച്ചിരുന്നു.