സംസ്ഥാന സർക്കാർ 1000 ദിനങ്ങള് പിന്നിടുന്നു‍: സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

single-img
11 February 2014

secretariatlമുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ 1000 ദിനം പൂര്‍ത്തിയാക്കുന്നതിന്‍െറ ആഘോഷ പരിപാടികള്‍ ഇന്ന് ആരംഭിക്കും.വൈകുന്നേരം ആറിന് വി.ജെ.ടി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ദേശീയ നഗരാരോഗ്യ പദ്ധതിക്ക് തുടക്കമിട്ട് സംസ്ഥാനതല ആഘോഷം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

നാഗരിക ജനതയുടെ ആരോഗ്യസംരക്ഷണം ലക്ഷ്യമിട്ടാണു പദ്ധതി. കേന്ദ്ര-സംസ്ഥാന പങ്കാളിത്തത്തോടെ ആരംഭിക്കുന്ന പദ്ധതി ആദ്യഘട്ടത്തില്‍ അഞ്ചു കോര്‍പ്പറേഷനുകളിലും 10 മുനിസിപ്പാലിറ്റികളിലുമാണു നടപ്പാക്കുക. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂര്‍, കോഴിക്കോട് കോര്‍പ്പറേഷനുകളിലെയും നെയ്യാറ്റിന്‍കര, ആലപ്പുഴ, കോട്ടയം, പാലക്കാട്, മഞ്ചേരി, കണ്ണൂര്‍, തൊടുപുഴ, പത്തനംതിട്ട, കല്‍പ്പറ്റ, കാസര്‍ഗോഡ് മുനിസിപ്പാലിറ്റികളിലെയും 33 ലക്ഷത്തിലധികം പേര്‍ക്ക് ആദ്യഘട്ട പദ്ധതിയുടെ പ്രയോജനം ലഭിക്കും.

ഈ നഗരങ്ങളിലെ നഗരങ്ങളിലെ 4.3 ലക്ഷത്തോളം ചേരി നിവാസികള്‍ക്കും പദ്ധതിയുടെ ഗുണഫലങ്ങള്‍ ലഭിക്കും. രണ്ടാംഘട്ടത്തില്‍ 22 മുനിസിപ്പാലിറ്റികളിലേക്കുകൂടി പദ്ധതി വ്യാപിപ്പിക്കും. അമ്പതിനായിരത്തില്‍ കൂടുതല്‍ ജനസംഖ്യയുള്ള നഗരങ്ങളിലാണു പദ്ധതി ആരംഭിക്കുക. ഗ്രാമീണാരോഗ്യ പദ്ധതിയും നഗരാരോഗ്യ പദ്ധതിയും ദേശീയാരോഗ്യ പദ്ധതിയുടെ കീഴിലാണു പ്രവര്‍ത്തിക്കുക.

സോളാർ തട്ടിപ്പ് മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ പെട്ടവർക്കെതിരായ പരാതി,ഗണേഷ് കുമാറിന്റെ സ്ത്രീവിഷയുമായി ബന്ധപ്പെട്ട രാജി തുടങ്ങിയ വിവാദങ്ങൾക്കിടയിലും കൊച്ചി മെട്രോ, സ്മാര്‍ട്‌സിറ്റി, കണ്ണൂര്‍ വിമാനത്താവളം, വിഴിഞ്ഞം തുറമുഖം, കോഴിക്കോട്, തിരുവനന്തപുരം മോണോറെയില്‍ തുടങ്ങിയ സ്വപ്‌നപദ്ധതികളുടെ തടസങ്ങള്‍ നീക്കി മുന്നോട്ടുകുതിക്കാന്‍ കഴിഞ്ഞുവെന്നതാണ് ആയിരം ദിനത്തെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനെ ശ്രദ്ധേയമാക്കുന്നത്. കേരളത്തെ ഭൂരഹിതരില്ലാത്ത സംസ്ഥാനമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ഒരുലക്ഷം പേര്‍ക്ക് മൂന്നുസെന്റ് വീതം ഭൂമിയുടെ പട്ടയം നല്‍കാനായതും സർക്കാരിന്റെ നേട്ടങ്ങളിൽ പെടും