തെലങ്കാന ബില്‍ ഇന്ന് രാജ്യസഭയില്‍

single-img
10 February 2014

ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശ് വിഭജിച്ചു  തെലങ്കാന സംസ്ഥാനം  രൂപീകരിക്കാനുള്ള ബില്‍ ഇന്ന്  രാജ്യസഭയില്‍ അവതരിപ്പിക്കും.തെലങ്കാന രൂപവത്കരണത്തിനെതിരായ പ്രതിഷേധത്തെ അവഗണിച്ച് മുന്നോട്ടുപോകാന്‍ തീരുമാനിച്ച കേന്ദ്ര മന്ത്രിസഭ കരടുബില്ലിന് വെള്ളിയാഴ്ച അംഗീകാരം നല്‍കിയിരുന്നു. തെലങ്കാന ബില്ലിന്റെ പേരില്‍ കഴിഞ്ഞ മൂന്നു ദിവസവും പാര്‍ലമെന്‍റ് സ്തംഭിച്ചിരുന്നു. ബില്‍ അവതരിപ്പിച്ചാല്‍ സീമാന്ധ്രയില്‍ നിന്നുള്ള മുഴുവന്‍ അംഗങ്ങളും ശക്തമായി എതിര്‍ക്കുമെന്നതിനാല്‍ സഭയില്‍ പ്രക്ഷുബ്ധ രംഗങ്ങള്‍ക്ക് സാധ്യതയുണ്ട്.

പാസ്സായില്ലെങ്കിലും സ്ഥിരംസഭയെന്ന നിലയ്ക്ക് ബില്‍ കാലഹരണപ്പെടില്ലെന്നത് കണക്കിലെടുത്താണ് രാജ്യസഭയില്‍ ആദ്യം കൊണ്ടുവരുന്നത്. ലോക്‌സഭയില്‍ തെലങ്കാനയ്‌ക്കെതിരെയുള്ള എതിര്‍പ്പ് രാജ്യസഭയില്‍ ഇല്ലെന്നതും ആദ്യം അവിടെ അവതരിപ്പിക്കുന്നതിന് കാരണമാണ്. ബില്‍ അവതരിപ്പിച്ചുവെന്ന് അവകാശപ്പെടുകയും ചെയ്യാം. രാജ്യസഭയില്‍ പാസ്സായാലും ലോക്‌സഭയെന്ന കടമ്പ കടക്കാന്‍ പറ്റില്ലെന്ന് സര്‍ക്കാര്‍ കണക്കുക്കൂട്ടുന്നു.

എന്നാല്‍, ഭരണപക്ഷത്തിന് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയില്‍ ബില്‍ പാസാകണമെങ്കില്‍ ബി.ജെ.പി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണ വേണം. നേരത്തേ, ബില്ലിനെ പിന്തുണച്ച ബി.ജെ.പി അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പുതിയ സാഹചര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല.ബില്ലിനെ മുഖ്യപ്രതിപക്ഷമായ ബി.ജെ. പി. തുറന്നെതിര്‍ക്കില്ലെന്ന സൂചനയാണ് സര്‍ക്കാറിന് ലഭിച്ചിരിക്കുന്നത്.