ഭാരിച്ച ഉത്തരവാദിത്തമെന്നു സുധീരന്‍ : ഉറച്ച പിന്തുണയെന്നു ചെന്നിത്തല

single-img
10 February 2014

തിരുവനന്തപുരം: വളരെ ഭാരിച്ച ഉത്തരവാദിത്തമാണ് ഹൈക്കമാൻഡ് തന്നെ ഏല്പിച്ചതെന്ന് കെ.പി.സി.സി പ്രസിഡ‌ന്റായി തിരഞ്ഞെടുക്കപ്പെട്ട ശേഷം വി.എം.സുധീരൻ പറഞ്ഞു. ജനപക്ഷത്തു നിന്ന് പ്രവർത്തിക്കാനാണ് താൻ എന്നും ശ്രമിച്ചിട്ടുള്ളത്. ഇനിയും അത് തുടരുമെന്നും അദ്ദേഹം മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതീക്ഷക്കൊത്ത് ഉയരാന്‍ പരിശ്രമിക്കും. വിദ്യാര്‍ഥി, യുവജന സംഘടനാ രംഗത്തെ പ്രവര്‍ത്തന പരിചയം തനിക്ക് ഗുണം ചെയ്യുമെന്ന് കരുതുന്നതായും സുധീരന്‍ പറഞ്ഞു.

പാർട്ടി എന്നിൽ അർപ്പിച്ച വിശ്വാസത്തിന് നന്ദിയുണ്ട്. പാർലമെന്റ് തിരഞ്ഞെടുപ്പിന് പാർട്ടിയെ പൂർണമായി സജ്ജമാക്കുന്നതിനാണ് പ്രഥമ പരിഗണന. പാർട്ടിയെയും പ്രവർത്തകരെയും ഒന്നിച്ചു കൊണ്ടു പോവുകയെന്ന ശ്രമകരമായ ദൗത്യമാണ് ഏല്പിക്കപ്പെട്ടിരിക്കുന്നത്. അതിന് തനിക്കു കഴിയുമെന്നാണ് വിശ്വാസമെന്നും സുധീരൻ പറഞ്ഞു.

സുധീരന് തന്റെ പൂര്‍ണ്ണ പിന്തുണയുമുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും പറഞ്ഞു. സുധീരന്റെ വരവ് പാര്‍ട്ടിക്ക് പുതിയ ഊര്‍ജം പകരുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ഹൈക്കമാന്റ് തീരുമാനം ഏറ്റവും ഉചിതമാണെന്ന് സ്പീക്കര്‍ ജി.കാര്‍ത്തിയേകന്‍ പ്രതികരിച്ചു. സുധീരന് എല്ലാ ആശംസകളും നേരുന്നതായും കാര്‍ത്തികേയന്‍ പറഞ്ഞു.