ഡല്‍ഹിയില്‍ കൊല്ലപ്പെട്ട അരുണാചല്‍ സ്വദേശിയുടെ മരണം മര്‍ദ്ദനം മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌

single-img
10 February 2014

ഡല്‍ഹിയില്‍ കൊല്ലപ്പെട്ട അരുണാചല്‍ സ്വദേശിയായ വിദ്യാര്‍ഥിയുടെ മരണം മര്‍ദ്ദനം മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌.ഈ കഴിഞ്ഞ ജനുവരി 29-നാണ് നിഡോ ടാനിയ എന്ന ഇരുപതു വയസ്സുകാരന്‍ സൌത്ത് ഡല്‍ഹിയിലെ ഒരു മാര്‍ക്കറ്റില്‍ വെച്ച് ഒരു സംഘമാളുകള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചതിനെത്തുടര്‍ന്ന്‍ കൊല്ലപ്പെട്ടത്.നിഡോയുടെ കൊലപാതകം ദേശീയതലത്തില്‍ വലിയ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു. വംശീയ അധിക്ഷേപം ചെറുത്തതിനെ തുടര്‍ന്നായിരുന്നു ഒരു സംഘം കടയുടമകള്‍ ചേര്‍ന്ന് നിഡോയെ ക്രൂരമായി മര്‍ദ്ദിച്ചത്.നിഡോ അരുണാചല്‍ പ്രദേശിലെ ഒരു എം എല്‍ എയുടെ മകനാണ്.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌ പ്രകാരം തലയ്ക്കും മുഖത്തുമേറ്റ മര്‍ദ്ദനങ്ങളെത്തുടര്‍ന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് നിഡോയുടെ മരണത്തിനു കാരണം.സൌത്ത് ഡല്‍ഹിയിലെ ലജ്പത് നഗര്‍ മാര്‍ക്കറ്റില്‍ വെച്ചാണ് നിഡോയ്ക്ക് മര്‍ദ്ദനമേറ്റതു.ഇരുമ്പു കമ്പികളും വടികളും ഉപയോഗിച്ചാണ് ഒരു കടയുടമ അടങ്ങുന്ന ആള്‍ക്കൂട്ടം ഈ വിദ്യാര്‍ഥിയെ തല്ലിച്ചതച്ചത്.തന്നെ വംശീയമായി അധിക്ഷേപിച്ച കടയുടമയുടെ കടയിലെ ഒരു ഗ്ലാസ്‌ നിഡോ തല്ലിപ്പൊട്ടിച്ചതിനെത്തുടര്‍ന്നാണ്‌ ആക്രമണമുണ്ടായത്.

കടയുടമ അടക്കം മൂന്നുപേരെ ആയിരുന്നു പോലീസ് അറസ്റ്റ് ചെയ്തത്.പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌ പുറത്തു വന്നതോടെ ഇവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയേക്കും.