വൃന്ദാ കാരാട്ടിനോട് ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനു എം എല്‍ എയുടെ മര്‍ദ്ദനം

single-img
10 February 2014

കണ്ണൂര്‍: സി.പി.എം പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകന്‌ നേരെ എംഎല്‍എയുടെ കയ്യേറ്റശ്രമം. കണ്ണൂരില്‍ നടന്ന ഒരു പരിപാടിക്കിടെ പോളിറ്റ്‌ ബ്യൂറോ അംഗം വൃന്ദാ കാരാട്ടിനോട്‌ വി.എസ്‌ അച്യുതാനന്ദന്റെ കത്തിനെക്കുറിച്ച്‌ ചോദിച്ച മാധ്യമ പ്രവര്‍ത്തകനെ സി.പി.എം എംഎല്‍എ സി കൃഷ്‌ണനാണ്‌ കയ്യേറ്റത്തിന്‌ ശ്രമിച്ചത്‌.

സി.ഐ.ടി.യു സംഘടിപ്പിച്ച മറുനാടൻ തൊഴിലാളികളുടെ സംഗമവേദിയുടെ പുറത്തുവച്ചാണ് സി. കൃഷ്ണൻ എം.എൽ.എ കണ്ണൂർ സിറ്റി ചാനൽ റിപ്പോർട്ടർ നിഖിലിന് നേരെ കൈയേറ്റ ശ്രമം നടത്തിയത്. പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ വൃന്ദാ കാരാട്ടിനോട് ടി.പി വധക്കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള വി.എസിന്റെ കത്തിനെക്കുറിച്ച് അഭിപ്രായമാരായുകയായിരുന്നു റിപ്പോർട്ടർ. വിവാദമായ കത്തിനെക്കുറിച്ച് വൃന്ദാ കാരാട്ടിനോട് ചോദിച്ചത് സി. കൃഷ്ണൻ എം.എൽ.എയെ പ്രകോപിതനാക്കുകയായിരുന്നു.`നിന്റെയൊരു വി.എസും കത്തും’ എന്നുപറഞ്ഞ് റിപ്പോർട്ടറെ തള്ളിമാറ്റാനും മർദ്ദിക്കാനും ശ്രമിച്ച എം.എൽ.എയെ വൃന്ദാ കാരാട്ട് തടഞ്ഞു.