ജസീറയുടെ മക്കളെ സര്‍ക്കാര്‍ ശരണാലയത്തില്‍നിന്ന്‌ യത്തീംഖാനയിലേക്കു മാറ്റി.

single-img
9 February 2014

jaseeraമണല്‍ മാഫിയയ്‌ക്കെതിരേ ന്യൂഡല്‍ഹിയില്‍ സമരം നടത്തിയ  ജസീറയുടെ മക്കളെ സര്‍ക്കാര്‍ ശരണാലയത്തില്‍നിന്ന്‌ എറണാകുളത്തെ യത്തീംഖാനയിലേക്കു മാറ്റി. പാലാരിവട്ടം പോലീസ്‌ ശിശുക്ഷേമസമിതിക്കു മുമ്പാകെ ഹാജരാക്കിയ കുട്ടികളെ കാക്കനാട്‌ പെണ്‍കുട്ടികള്‍ക്കായുള്ള ശരണാലയത്തില്‍ സംരക്ഷിച്ചുവരുകയായിരുന്നു. ഇന്നലെ രാവിലെ പതിനൊന്നോടെയാണ്‌ ഇവരെ യത്തീംഖാനയിലേക്കു മാറ്റിയത്‌.ഡല്‍ഹിയിലെ സമരമവസാനിപ്പിച്ചു കൊച്ചിയിലെത്തിയ ജസീറയും കുട്ടികളും, വാഗ്‌ദാനം ചെയ്‌ത അഞ്ചുലക്ഷം രൂപയാവശ്യപ്പെട്ട്‌ വ്യവസായി കൊച്ചൗസേപ്പ്‌ ചിറ്റിലപ്പിള്ളിയുടെ വസതിക്കു മുന്നില്‍ സത്യഗ്രഹമിരുന്നതും വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.മണല്‍മാഫിയയ്‌ക്കെതിരേ സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം നടത്തിയാണു ജസീറ ശ്രദ്ധാകേന്ദ്രമായത്‌. തുടര്‍ന്നു ഡല്‍ഹിയിലെ ജന്തര്‍മന്ദിറിലും കുട്ടികള്‍ക്കൊപ്പം ഇവര്‍ സമരത്തിനെത്തി.തന്റെ വസതിക്കു മുന്നില്‍ ജസീറ നടത്തുന്ന സമരം രാഷ്‌ട്രീയപ്രേരിതമാണെന്ന്‌ ആരോപിച്ച്‌ കൊച്ചൗസേപ്പ്‌ രംഗത്തുവന്നിരുന്നു.വാഗ്‌ദാനം ചെയ്‌ത തുക കുട്ടികളുടെ സംരക്ഷണത്തിനായുള്ള സര്‍ക്കാര്‍പദ്ധതിയായ താലോലത്തിനു കൈമാറിയതായി അദ്ദേഹം വ്യക്‌തമാക്കിയതോടെ സമരം പിന്‍വലിച്ച ജസീറ പാലാരിവട്ടം പോലീസ്‌ സ്‌റ്റേഷനിലെത്തി നാടകീയരംഗങ്ങള്‍ സൃഷ്‌ടിച്ചു. ഇതേത്തുടര്‍ന്നാണു പോലീസ്‌ കുട്ടികളെ ശിശുക്ഷേമസമിതിയിലെത്തിച്ചത്‌.