കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് പിന്നാലെ പോപ്പുലര്‍ ഫ്രണ്ട്കാരും ചെങ്കൊടിയേന്തുന്നു

single-img
8 February 2014

ബി ജെപി യില്‍ നിന്നും പുറത്തു വന്ന നമോ വിചാര മഞ്ച് പ്രവര്‍ത്തകര്‍ സി പി എമ്മില്‍ ചേര്‍ന്നതിനു പിന്നാലെ പോപ്പുലര്‍ ഫ്രന്റ് പ്രവര്‍ത്തകരും സി പി എമ്മിലെയ്ക്ക്.സി.പി.എമ്മിന്റെ ശക്തികേന്ദ്രം എന്നറിയപ്പെട്ടിരുന്ന നാറാത്ത് പഞ്ചായത്തിലെ കണ്ണാടിപ്പറമ്പിൽ നിന്നുള്ള നൂറോളം പ്രവർത്തകരാണ് സി.പി.എമ്മിലേക്ക് ചേരുന്നത്. പാർട്ടിയിൽ ചേരുന്നതുമായി ബന്ധപ്പെട്ട് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി.​ജയരാജനുമായി പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ചർച്ച നടത്തി.  ഇവരെ പോഷക സംഘടനകളില്‍ അംഗങ്ങളാക്കാനാണ് സി.പി.എമ്മിന്റെ തീരുമാനം.

പോപ്പുലര്‍ ഫ്രണ്ടില്‍ നിന്നും സി.പി.എമ്മിന്റെ പോഷക സംഘടനയായ ഡി.വൈ.എഫ്.ഐയിലേക്ക് ചേര്‍ന്ന റോഷനെ കഴിഞ്ഞ ദിവസം പോപ്പുലര്‍ ഫ്രണ്ടുകാര്‍ ആക്രമിച്ചിരുന്നു. ഇവിടത്തെ ഒരുപാട് പ്രവര്‍ത്തകരെ റോഷന്‍ ഡി.വൈ.എഫ്.ഐയിലേക്ക് ആകര്‍ഷിക്കാന്‍ ശ്രമിച്ചതിനായിരുന്നു അക്രമണം. ഈ സാഹചര്യത്തിലാണ് ഈ പ്രദേശത്തെ നൂറോളം പോപ്പുലര്‍ ഫ്രണ്ട് വിമതര്‍ സി.പി.എമ്മിലേക്ക് ചേരാനൊരുങ്ങുന്നത്.

കണ്ണാടിപ്പറന്പിൽ പി.ജയരാജൻ കഴിഞ്ഞ ദിവസം വിളിച്ചു ചേർത്ത ലോക്കൽ കമ്മിറ്റി യോഗത്തിൽ നൂറോളം പോപ്പുലര്‍ ഫ്രണ്ട്‌ പ്രവർത്തകർ യോഗത്തിനെത്തി. മതനിരപേക്ഷ നിലപാട്‌ ഉയർത്തിപ്പിടിക്കുന്നതിനാൽ തന്നെ സി.പി.എമ്മിനൊപ്പം ചേർന്നു പ്രവർത്തിക്കാൻ താൽപര്യമുണ്ടെന്ന് അവർ യോഗത്തിൽ അറിയിച്ചു.  കേരളരക്ഷാ മാർച്ച് കണ്ണൂരിൽ എത്തുന്പോൾ പ്രവർത്തകരെ പാ‌ർട്ടിയിൽ അംഗമാക്കുമെന്ന് പി.ജയരാജൻ അറിയിച്ചു.