ജനലോക്പാല്‍ ബില്ലിനെ ചൊല്ലി ആം ആദ്മി പാര്‍ട്ടി സര്‍ക്കാറും ലഫ്. ഗവര്‍ണറും ഇടയുന്നു.

single-img
8 February 2014

aravindജനലോക്പാല്‍ ബില്ലിനെ ചൊല്ലി ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി  സര്‍ക്കാറും ലഫ്. ഗവര്‍ണറും തമ്മിൽ  ഇടയുന്നു.
പ്രത്യേക നിയമസഭാ സമ്മേളനം നടത്തി ബില്‍ പാസാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതിനിടെ ലഫ്. ഗവര്‍ണര്‍ നജീബ് ജങ് ഇതേക്കുറിച്ച് നിയമോപദേശം തേടിയതാണ് സംസ്ഥാന സര്‍ക്കാറിനെ ഇപ്പോൾ  ചൊടിപ്പിച്ചത്. കോണ്‍ഗ്രസ്സിന്റെയും ആഭ്യന്തരമന്ത്രാലയത്തിന്റെയും സമ്മര്‍ദത്തിലാണ് ലഫ്. ഗവര്‍ണറെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ കുറ്റപ്പെടുത്തി. ലഫ്. ഗവര്‍ണര്‍ കോണ്‍ഗ്രസ് ഏജന്‍റാണെന്ന് ആം ആദ്മി നേതാവ് അശുതോഷ് ആരോപിച്ചു.പാര്‍ലമെന്‍റ് ലോക്പാല്‍ ബില്‍ പാസാക്കിയ സാഹചര്യത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ സമാനമായ നിയമനിര്‍മാണത്തിനുമുമ്പ് കേന്ദ്രാനുമതി വാങ്ങണമെന്ന് സോളിസിറ്റര്‍ ജനറല്‍ മോഹന്‍ പരാശരന്‍ ലഫ്. ഗവര്‍ണര്‍ നജീബ് ജങ്ങിന് കഴിഞ്ഞദിവസം നിയമോപദേശം നല്‍കിയിരുന്നു. എന്നാല്‍, ബില്ലുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വ്യക്തമാക്കി. ബില്ലിന് മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്ന് ലഫ്.ഗവര്‍ണര്‍ക്ക് അയച്ച കത്തില്‍ അദ്ദേഹം പറഞ്ഞു. ലഫ്. ഗവര്‍ണറുമായി വെള്ളിയാഴ്ച നടത്താനിരുന്ന കൂടിക്കാഴ്ചയും അദ്ദേഹം റദ്ദാക്കി.

ജനലോക്പാല്‍ ബില്‍ പാസാക്കാനായി ഈ മാസം 14 മുതല്‍ 16 വരെ നിയമസഭ ചേരാനാണ് സര്‍ക്കാര്‍ തീരുമാനം. 16-ന് ബില്‍ പാസാക്കാനായി ഇന്ദിരാഗാന്ധി സ്റ്റേഡിയം ആവശ്യപ്പെട്ടിരുന്നു. സ്റ്റേഡിയം ഒഴിവില്ലാത്തതിനാല്‍ മറ്റൊരു തുറന്നവേദിക്ക് സര്‍ക്കാര്‍ തയ്യാറെടുപ്പും തുടങ്ങി. ഇതിനിടയിലാണ് ലഫ്. ഗവര്‍ണര്‍ ബില്ലില്‍ നിയമോപദേശം തേടിയത്.എന്നാൽ ലഫ്. ഗവര്‍ണര്‍ ഡല്‍ഹിയിലെ ജനങ്ങളുടെ താത്പര്യമനുസരിച്ചാണ് പ്രവര്‍ത്തിക്കേണ്ടതെന്നും കോണ്‍ഗ്രസ് ഏജന്‍റിനെപ്പോലെയല്ലെന്നും ആം ആദ്മി നേതാവ് അശുതോഷ് അഭിപ്രായപ്പെട്ടു. ആം ആദ്മി സര്‍ക്കാറിനെ അസ്ഥിരമാക്കാന്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.