പാര്‍ട്ടിക്കെതിരെയുള്ള ഗൂഢാലോചനയില്‍ വി എസിനെ പങ്കാളിയാക്കാന്‍ നോക്കെണ്ടെന്നു പിണറായി

single-img
8 February 2014

പാര്‍ട്ടിക്കെതിരെ യു ഡി എഫ് നടത്തുന്ന ഗൂഢാലോചനയില്‍ വി എസിനെ പങ്കു ചേര്‍ക്കാമെന്നു ആരും കരുതേണ്ടെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ടി പി വധ ഗൂഢാലോചനക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമരം നടത്തിയ കെ കെ രമയ്ക്ക് പിന്തുണ അറിയിച്ച് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ കത്തെഴുതിയ സംഭവത്തോട് പ്രതികരിക്കുകയായിരുന്നു പിണറായി.

വി എസ് അച്യുതാനന്ദന്‍ കത്തെഴുതിയത് സംബന്ധിച്ച് വി എസ് പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ലെന്ന് പിണറായി പറഞ്ഞു.പാര്‍ട്ടി ചര്‍ച്ച ചെയ്യട്ടെയെന്നാണ് വി എസ് കഴിഞ്ഞ ദിവസം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. അതുതന്നെ നടക്കട്ടെ എന്നതാണ് തന്റെയും നിലപാടെന്ന് അദ്ദേഹം പറഞ്ഞു.അതുകൊണ്ടുതന്നെ അക്കാര്യം അവിടെ നിര്‍ത്താം എന്നും പിണറായി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കെ കെ രമയുടെ നിരാഹാര സമരവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലെ ഒരു വിഭാഗവും ചില യു ഡി എഫ് നേതാക്കളും ഇത്തരം കാര്യങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ചിലരും ആര്‍ എം പി പ്രവര്‍ത്തകരും ചേര്‍ന്ന് ഗൂഢാലോചന നടത്തിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സി പി എം വ്യക്തമായ നിലപാട് സ്വീകരിച്ചിരുന്നു. വി എസ്സും തങ്ങളുടെ നിലപാടിന് ഒപ്പമുണ്ടായിരുന്നു. വി എസ് സമരപ്പന്തല്‍ സന്ദര്‍ശിക്കുമെന്നാണ് കെ കെ രമയും മാധ്യമങ്ങളും പറഞ്ഞത്. എന്നാല്‍ വി എസ് സമരപ്പന്തല്‍ സന്ദര്‍ശിച്ചില്ല. അതിനാല്‍ വി എസ് വിഷയവും ഗൂഢാലോചനയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കേണ്ട.

വി എസ് ഇത്തരത്തിലൊരു കത്തെഴുതിയെന്നതിനെക്കുറിച്ച് സ്ഥിരീകരണം നല്‍കാതിരുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ ഓഫീസില്‍ സ്ഥിരമായി കറങ്ങി നടക്കുന്ന രണ്ടുപേരാകാം കത്തിനു പിന്നിലെന്ന് പറഞ്ഞതെന്നും പിണറായി പറഞ്ഞു.