ഐപിഎല്ലില്‍ പങ്കെടുത്തിട്ടുള്ള സച്ചിന് ഭാരത രത്‌ന നല്‍കിയത് തെറ്റായി പോയെന്ന്‌ ഉമാഭരതി

single-img
7 February 2014

umaസച്ചിന്‍ തെണ്ടുല്‍ക്കറിന് ഭാരത രത്‌ന നൽകിയതിന് എതിരെ ഉമാഭരതി രംഗത്ത്. ഐപിഎല്ലില്‍ പങ്കെടുത്തിട്ടുള്ള സച്ചിന്‍ തെണ്ടുല്‍ക്കറിന് ഇന്ത്യയുടെ പരമോന്നത പുരസ്‌കാരമായ ഭാരത രത്‌ന നല്‍കിയത് വലിയ തെറ്റായി പോയെന്ന്‌ ബിജെപി ഉപാദ്ധ്യക്ഷന്‍ ഉമാഭരതി. വ്യക്തിപരമായി താന്‍ സച്ചിന് എതിരല്ല എന്നും അവർ പറഞ്ഞു .ഐപിഎല്‍ ലേലത്തിന്റെ ഭാഗമായിട്ടുള്ള ഒരു താരത്തിനും ഭാരതരത്നയ്ക്ക് അര്‍ഹതയില്ല എന്നും  ക്രിക്കറ്റ് ഇഷ്ടപ്പെടുന്ന താന്‍ കേന്ദ്ര കായികമന്ത്രിയായിരിക്കെ പഴയകാല താരങ്ങള്‍ക്ക് അര്‍ജുന അവാര്‍ഡ് നല്‍കുന്നതിന് ഇടപെട്ടിട്ടുണ്ടെന്ന് ഉമാ ഭാരതി പറഞ്ഞു.

ഐപിഎല്‍ താരലേലത്തില്‍ നാലും അഞ്ചും കോടി രൂപയ്ക്ക് തങ്ങളെ തന്നെ വില്‍ക്കുന്ന താരങ്ങള്‍ക്ക് ഭാരതരത്ന ലഭിക്കാന്‍ എന്ത് അര്‍ഹതയാണ് ഉള്ളതെന്നും അവര്‍ ചോദിച്ചു. ഫെബ്രുവരി നാലിനാണ് രാഷ്ട്രപതി പ്രണബ് മുഖര്‍ജി സച്ചിനും വിഖ്യാത ശാസ്ത്രജ്ഞന്‍ സിആര്‍ റാവുവിനും ഭാരത രത്‌ന സമ്മാനിച്ചത്. രാജ്യം ഭാരതരത്‌ന പുരസ്‌കാരം നല്‍കി ആദരിക്കുന്ന ആദ്യ കായിക താരമാണ് സച്ചിന്‍. ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമാണ്  സച്ചിന്‍.