നേരം പോലൊരു ഓം ശാന്തി ഓശാന

single-img
7 February 2014

om-shanti-oshana-wallpaper_138926183200

ഒരുവരിയില്‍ ഒതുക്കാവുന്ന ഒരു കഥ രണ്ട് മണിക്കൂറിലധികം നീളമുള്ള സിനിമയായി പറഞ്ഞു തീര്‍ക്കണമെങ്കില്‍ കുറച്ച് അത്യധ്വാനം ആവശ്യമാണ്- തിരക്കഥയുടെയും സംവിധാനത്തിന്റെയും തുടങ്ങി ഏതുകാര്യത്തിലും. അത്തരമൊരു കഥാ തന്തുവിനെ വൃത്തിയോടുകൂടി സാമാന്യം ബോറടിക്കാത്ത തരത്തില്‍ ചെയ്തിരിക്കുന്നു ഓംശാന്തി ഓശാന എന്ന എന്ന ചിത്രത്തിലൂടെ ജൂഡ് അന്തോണി ജോസഫ്.

നിവിന്‍ പോളിക്ക് ഇത് നല്ല സമയമാണെന്ന് തോന്നുന്നു. വരുന്ന ചിത്രങ്ങളെല്ലാം പ്രതീക്ഷിക്കാത്ത വിജയങ്ങളാകുന്ന ഒരു അപൂര്‍വ്വ സുന്ദരാവസ്ഥയാണ് നിവിന് ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞയാഴ്ച 1983 ഉയര്‍ത്തിവിട്ട അലയൊലികള്‍ അടങ്ങും മുന്‍പു തന്നെ പുതിയൊരു വിജയമധുരം കൂടി നാവില്‍ തട്ടിനില്‍ക്കുന്നു.

നേരത്തെ പറഞ്ഞതുപോലെ ഒരു ഒറ്റവരിക്കഥ, അതിനെ ഇന്നത്തെ ന്യൂജനറേഷന് ഇഷ്ടപ്പെടുന്ന രീതിയില്‍ മെനഞ്ഞെടുത്ത സംവിധായകന്‍ തന്നെയാണ് ചിത്രത്തിലെ യഥാര്‍ത്ഥ ഹീറോ. സമകാലീന ബുദ്ധിക്ക് നിരക്കാത്ത ഒത്തിരി സംഗതികള്‍ ചിത്രത്തിലുണ്ടെങ്കിലും അവയെ കണ്ടിരിക്കുന്ന പ്രേക്ഷകര്‍ക്ക് ഗൗരവത്തിലെടുക്കാനാകാത്ത ഒരു മനസ്ഥിതിയിലേക്ക് സംവിധായകന്‍ കൊണ്ടുപോകുന്നുണ്ട്. നായിക നസ്രിയയ്ക്ക് കിട്ടുന്ന വേഷങ്ങള്‍ ക്ലീഷേ സ്വഭാവമുള്ളതാണോയെന്ന് സംശയിക്കേണ്ടിവരുന്നുണ്ട്, ഈ ചിത്രം കാണുമ്പോള്‍.

മുമ്പ് നസ്രിയയും നിവന്‍പോളിയും ഒന്നിച്ചഭിനയിച്ച നേരം എന്ന ചിത്രത്തിന്റെ സ്വഭാവമുള്ള മറ്റൊരു അവതരണരീതിയിലാണ് ഈ ചിത്രം സഞ്ചരിക്കുന്നത്. ഒട്ടും മുഷിക്കാത്ത രീതിയില്‍ കണ്ടിരിക്കാന്‍ കഴിയും എന്നതുതന്നെയാണ് ചിത്രത്തിന്റെ പ്രത്യേകത. നിവിനും നസ്രിയയ്ക്കുമൊപ്പം വിനീത് ശ്രീനിവാസനും ലാല്‍ജോസും മറ്റു താരങ്ങളുമൊക്കെ അവരവരുടെ വേഷങ്ങള്‍ വേണ്ടതുപോലെ കൈകാര്യം ചെയ്തിട്ടുണ്ട്.