ജമ്മു കാശ്മീര്‍ ആരോഗ്യ മന്ത്രി സ്ത്രീപീഡന വിവാദത്തില്‍ : രാജി ആവശ്യപ്പെട്ടു കോണ്ഗ്രസ്സ്

single-img
7 February 2014

ജമ്മു കാശ്മീര്‍ മന്ത്രി സഭയിലെ കോണ്ഗ്രസ്സ് പ്രതിനിധിയും ആരോഗ്യമന്ത്രിയുമായ ഷാബിര്‍ അഹമ്മദ് ഖാനെതിരെ ലൈംഗികാപവാദക്കേസ് .ബ്ലോക്ക് മെഡിക്കല്‍ ഓഫീസറായ വനിതാ ഡോക്ടറുടെ പരാതിയിന്‍മേലാണ് പോലീസ് കേസെടുത്തത്.

പരാതിയില്‍ ഡോക്ടര്‍ പറയുന്നതിങ്ങനെയാണ്. ഇവര്‍ ജോലി ചെയ്യുന്ന ആശുപത്രിയില്‍ കേന്ദ്രമന്ത്രി ഗുലാംനബി ആസാദ് സന്ദര്‍ശനം നടത്തിയ വേളയില്‍ അദ്ദേഹം പ്രഖ്യാപിച്ച കാര്യങ്ങളെ കുറിച്ച് വിവരം നല്‍കണമെന്നാവശ്യപ്പെട്ട് നിരവധി തവണ മന്ത്രിയുടെ ഒഫീസ് സ്റ്റാഫില്‍നിന്ന് തനിക്കു ഫോണ്‍ വന്നതായും എന്നാല്‍, തന്‍്റെ അഭ്യര്‍ഥന ചെവികൊള്ളാതെ മേലുദ്യോഗസ്ഥരില്‍ നിന്ന് മന്ത്രി വിവരങ്ങള്‍ നേടിയെടുക്കുകയുണ്ടായെന്നും ഇവര്‍ പറയുന്നു.

ഇതെ കുറിച്ച് മന്ത്രിയുടെ ഒഫീസില്‍ ജനുവരി 28ന് ഡോക്ടര്‍ പരാതി നല്‍കി. പരാതി നല്‍കാനായി സെക്രട്ടറിയേറ്റിലെ മന്ത്രിയുടെ ഒഫീസില്‍ എത്തിയപ്പോള്‍ 15ഓളം പേര്‍ അവിടെയുണ്ടായിരുന്നു. എന്നാല്‍, തന്നോട് മാത്രമായി ഒരു ചെറിയ കാബിനില്‍ പോയി കാത്തു നില്‍ക്കാന്‍ ആവശ്യപ്പെട്ടു. മന്ത്രിയുടെ മുറിക്ക് ചേര്‍ന്നുള്ള ചെറിയ സ്ഥലത്ത് തനിക്ക് ഏറെ നേരം കാത്തുനില്‍ക്കേണ്ടി വന്നെന്നും, പിന്നീട് മന്ത്രിയില്‍നിന്ന് മാനഭംഗശ്രമം നേരിടേണ്ടി വന്നുവെന്നും പരാതിയില്‍ പറയുന്നു.

നാഷണല്‍ കോണ്‍ഫറന്‍സിന്റെ നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാരിലെ കോണ്‍ഗ്രസ്സ് മന്ത്രിയാണ് അഹമ്മദ് ഖാന്‍ . ഒന്നരവര്‍ഷം മുതല്‍ രണ്ടു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന 509, 354 വകുപ്പുകള്‍ പ്രകാരമാണ് മന്ത്രിക്കെതിരെ കേസെടുത്തിട്ടുള്ളത്.

അതേസമയം കോണ്ഗ്രസ്സ് നേതൃത്വം ,ആരോപണ വിധേയനായ ഷാബിര്‍ ഖാന്റെ  രാജി  ആവശ്യപ്പെട്ടു.അന്വേഷണം കഴിയുന്നത്‌ വരെ മാറി നില്‍ക്കാന്‍ ആണ് ആവശ്യം. രജൌരിയില്‍ നിന്നുള്ള നിയമസഭാംഗം ആണ് ഖാന്‍.