ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകം : നാല് ഐ ബി ഉദ്യോഗസ്ഥര്‍ക്കെതിരെ സി ബി ഐ കൊലപാതകക്കുറ്റം ചുമത്തി

single-img
6 February 2014

പത്തുവര്‍ഷം മുന്പ് ഗുജറാത്ത് പോലീസ് ആസൂത്രണം ചെയ്ത വ്യാജ ഏറ്റുമുട്ടലില്‍ കോളേജ് വിദ്യാര്‍ഥിനി ആയിരുന്ന ഇസ്രത് ജഹാന്‍ കൊല്ലപ്പെട്ട കേസില്‍  ഇന്റലിജന്‍സ് ബ്യൂറോയുടെ അന്നത്തെ ഗുജറാത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ രജിന്ദര്‍ കുമാര്‍ അടക്കം നാല് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ക്കെതിരെ  മേല്‍ സി ബി ഐ കൊലപാതക്കേസ് ചാര്‍ജ്ജ് ചെയ്തു.കൊലപാതകവും ഗൂഢാലോചനയുമാണ് ഇവര്‍ക്കെതിരെ ചാര്‍ജ്ജ് ചെയ്തിരിക്കുന്നത്.

രജിന്ദര്‍ കുമാറിനെക്കൂടാതെ പി മിത്തല്‍ , എം കെ സിന്‍ഹ , രാജീവ് വാങ്കഡേ എന്നീ ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥരെയും കൂടി പ്രതിയാക്കിയാണ് സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചത്.കൊലപാതകം,ഗൂഢാലോചന,അന്യായമായി തടങ്കലില്‍ വെയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ഇവര്‍ക്കെതിരെ ചാര്‍ജ്ജ് ചെയ്തു.

ഇതോടെ ഈ വിഷയത്തില്‍ സി ബി ഐയും ഇന്റലിജന്‍സും തമ്മിലുള്ള അഭിപ്രായ വ്യത്യാസവും പ്രശ്നങ്ങളും മുറുകാന്‍ ആണ് സാധ്യത.ഉദ്യോഗസ്ഥര്‍ അവരുടെ ജോലി ചെയ്യുക മാത്രമാണ് ചെയ്തത് എന്നും അവര്‍ക്കെതിരെ കേസ് എടുക്കാന്‍ കഴിയില്ല എന്നുമാണ് ഇന്റലിജന്‍സിന്റെയും ആഭ്യന്തരമന്ത്രാലയത്തിന്റെയും നിലപാട്.

2004 ഏപ്രില്‍ 15- നാണ് ഇസ്രത് ജഹാന്‍ എന്ന 19 വയസ്സുള്ള കോളജ് വിദ്യാര്‍ഥിനിയും പ്രാണേഷ് പിള്ള ,അംജദ് അലി , ജിഷാന്‍ ജോഹര്‍ എന്നിവരും അഹമ്മദാബാദിനടുത്തു വെച്ച് ഗുജറാത്ത് പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഈ നാലുപേരും തീവ്രവാദികളായിരുന്നു എന്നും ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ കൊല്ലാന്‍ ആണ് ഇവര്‍ വന്നതെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട ചെയ്തിരുന്നതായി ഗുജറാത്ത് പോലീസ് വാദിച്ചു.ഇതില്‍  പ്രാണേഷ് പിള്ള മലയാളിയാണ്.

എന്നാല്‍ ഇസ്രത് ജഹാന്‍ തീവ്രവാദിയായിരുന്നു  എന്നതിന് യാതൊരു തെളിവും ഇല്ല എന്നാണു സി ബി ഐ പറയുന്നത്.കഴിഞ്ഞ ജൂലൈ മാസത്തില്‍ സി ബി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഗുജറാത്തിലെ ഏഴു ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ പേരില്‍ കൊലക്കുറ്റം ചുമത്തിയിരുന്നു.ഇവരെ അന്യായമായി വധിച്ച  ശേഷം തീവ്രവാദി എന്ന് സ്ഥാപിക്കാന്‍ ദേഹത്ത് എ കെ 56 തോക്കുകളും പോലീസ് തന്നെ ആണ് വെച്ചത് എന്നാണു സി ബി ഐ പറയുന്നത്.ഈ തോക്കുകള്‍ ഇന്റലിജന്‍സ് മേധാവി രജിന്ദര്‍ കുമാര്‍ ആണ് നല്‍കിയത് എന്നും തെളിഞ്ഞിട്ടുണ്ട്.ഇതിനു ആയുധ നിയമപ്രകാരവും രജിന്ദറിനെതിരെ കേസുണ്ട്.

എന്നാല്‍ അന്നത്തെ ആഭ്യന്തര മന്ത്രിയും മോഡിയുടെ വലം കൈയുമായിരുന്ന അമിത് ഷായുടെ പേര് ഒഴിവാക്കിയാണ് സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചത്.ആദ്യത്തെ കുറ്റപത്രത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട അന്നത്തെ അഹമ്മദാബാദ് ഡെപ്യൂട്ടി കമ്മിഷണര്‍ ആയിരുന്ന ഡി ജി വന്‍സാര ഈ സംഭവത്തില്‍ ഷായുടെ പങ്കു ആരോപിച്ചിരുന്നു. ശാ അറിയാതെ ഇതൊന്നും നടക്കില്ലെന്നും തങ്ങള്‍ പോലീസുകാര്‍ ആജ്ഞാനുവര്‍ത്തികളായ ഉദ്യോഗസ്ഥര്‍ മാത്രമായിരുന്നുവെന്നും വന്സാര പറഞ്ഞിരുന്നു.എന്നാല്‍ ഷായുടെ പേര് ഒഴിവാക്കിയത് ബി ജെ പി ക്യാമ്പിനു വലിയ ആശ്വാസം പകരുന്നുണ്ട്.