പൊതുസ്ഥലത്ത് ടയര്‍ കത്തിക്കുന്നവര്‍ക്ക് പത്തു കോടി രൂപ പിഴ

single-img
6 February 2014

പൊതുവഴിയില്‍ പ്രതിഷേധിക്കാന്‍ വേണ്ടി ടയര്‍ കത്തിക്കുന്നവര്‍ രണ്ടുവട്ടം ആലോചിക്കുക. പ്രതിഷേധത്തിന്റെ ഭാഗമായോ അല്ലാതെയോ പൊതുസ്ഥലത്ത് ടയര്‍ കത്തിക്കുന്നവര്‍ക്ക് പത്തു കോടി രൂപാ വരെ പിഴയും മൂന്നു വര്ഷം വരെ തടവും ലഭിക്കും.ദേശീയ ഹരിത ട്രിബ്യൂണലിലെ കിഴക്കന്‍ മേഖലയാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് പ്രകാരം പൊതു സ്ഥലങ്ങളില്‍ ടയര്‍ കത്തിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

കഴിഞ്ഞ നവംബറില്‍ പുനെ നഗരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സഹയോഗ് ട്രസ്റ്റ് സമര്‍പ്പിച്ച പരാതിയെത്തുടര്‍ന്നാണ് ദേശീയ ഹരിത ട്രിബ്യൂണലിന്റെ കിഴക്കന്‍ മേഖല പൊതുവിടങ്ങളില്‍ ടയര്‍ കത്തിക്കുന്നത് നിരോധിച്ചത്. മനുഷ്യനും പ്രകൃതിക്കും ഇത് ഒരുപോലെ ദോഷകരമാണെന്ന് സഹയോഗ് ട്രസ്റ്റ് വാദിച്ചു. സഹയോഗ് ട്രസ്റ്റിനെക്കൂടാതെ ചില അഭിഭാഷകരും പരാതിയില്‍ കക്ഷിചേര്‍ന്നിരുന്നു.സഹ്യോഗ ട്രസ്റ്റിന്റെ പരാതി പരിശോധിച്ച ഹരിത ട്രിബ്യൂണല്‍ മഹാരാഷ്ട്ര, ഗോവ, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ടയര്‍ കത്തിക്കുന്നത് നിരോധിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഉത്തരവ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറണെന്നും ഇത് നടപ്പിലാക്കാന്‍ ശ്രദ്ധിക്കണമെന്നും ദേശീയ ഹരിത ട്രിബ്യൂണല്‍ ആവശ്യപ്പെട്ടു. ടയര്‍ കത്തിക്കുമ്പോഴുണ്ടാകുന്ന പുക മനുഷ്യനും പ്രകൃതിക്കും എത്രത്തോളം അപകടകരമാണെന്ന് പരിശോധനയില്‍നിന്ന് വ്യക്തമായിട്ടുണ്ട്. കാര്‍ബണ്‍ മോണോക്‌സൈഡ്, കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്, ക്രോമിയം, ആര്‍സെനിക്, കോപ്പര്‍, അലുമിനിയം തുടങ്ങിയ രാസവസ്തുക്കളാണ് ടയര്‍ കത്തിക്കുമ്പോള്‍ പുറത്തുവിടുന്നത്. ഇത് മനുഷ്യനും പ്രകൃതിക്കും ഒരുപോലെ ദോഷം ചെയ്യുന്നു- സഹ്യോഗ ട്രസ്റ്റ് അഭിഭാഷകന്‍ അസിം സരോദ പറഞ്ഞു.