ഗാര്‍ഹിക പീഡനങ്ങളെ പിന്തുണച്ചു അഫ്ഗാനിസ്ഥാന്റെ കാടന്‍ നിയമം

single-img
6 February 2014

അഫ്ഗാനിസ്ഥാനിലെ പുരുഷന്മാര്‍ക്ക് ഇനി നിയമത്തെ പേടിക്കാതെ തങ്ങളുടെ  ഭാര്യയെയും പെണ്മക്കളെയും പെങ്ങന്മാരേയും തല്ലാം. അഫ്ഗാനിസ്ഥാനിലെ പുതിയ കാടന്‍ നിയമമാണ് സ്ത്രീകളുടെ അവകാശങ്ങളെ ഹനിച്ചു കൊണ്ട് ഇത്തരം ഒരു സൗകര്യം പുരുഷന്മാര്‍ക്ക് ഒരുക്കിക്കൊടുക്കുന്നത്.

സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ക്ക് കുപ്രസിദ്ധമായ അഫ്ഗാനിസ്ഥാനില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന എല്ലാ സാമൂഹ്യപ്രവര്‍ത്തകരെയും നിരാശയിലാഴ്ത്തിയാണ് ഈ നിയമം നിലവില്‍ വരുന്നത്.ദുരഭിമാനക്കൊലകളും നിര്‍ബ്ബന്ധിത വിവാഹങ്ങളും ഗാര്‍ഹിക പീഡനങ്ങളും കൊണ്ട് സമ്പുഷ്ടമായ അഫ്ഗാന്റെ സാമൂഹികാന്തരീക്ഷത്തെ കൂടുതല്‍ വഷളാക്കുന്നതാണ് പുതിയ നിയമം.

അഫ്ഗാനിലെ ക്രിമിനല്‍ നിയമത്തില്‍ വരുത്താന്‍ പോകുന്ന ഒരു ചെറിയ ഭേദഗതി ആണ് ഈ കുഴപ്പങ്ങള്‍ അത്രയും ഉണ്ടാക്കാന്‍ പോകുന്നത്. ഒരു കുറ്റവാളിക്കെതിരെ മൊഴി കൊടുക്കാന്‍ (പരാതി, സാക്ഷിമൊഴി,തുടങ്ങിയവ )  അയാളുടെ കുടുംബത്തിലെ അംഗങ്ങള്‍ക്കും ബന്ധുക്കള്‍ക്കും ഉള്ള അവകാശത്തെ നിരോധിച്ചു കൊണ്ടാണ് പുതിയ നിയമം വരുന്നത്. സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത് വീടുകള്‍ക്കുള്ളിലാണ്. അത്തരം ഒരു സാഹചര്യമുള്ള അഫ്ഗാനില്‍ വീടിനുള്ളിലെ അക്രമങ്ങള്‍ക്കെതിരെ പരാതി കൊടുക്കാനോ സാക്ഷി മൊഴി കൊടുക്കാനോ ഉള്ള അവകാശത്തെ ഹനിക്കുന്നതിലൂടെ അവിടുത്തെ സമൂഹത്തെ ഇരുണ്ട കാലത്തേയ്ക്ക് നയിക്കാന്‍ ആണ് അധികൃതരുടെ തീരുമാനം.അഫ്ഗാന്‍ പാര്‍ലമെന്റ് പാസാക്കിയ ഈ നിയമം പ്രസിഡന്റ്‌ ഹമീദ് കര്‍സായിയുടെ ഒപ്പ് കൂടി ലഭിച്ചാല്‍ പ്രാബല്യത്തില്‍ വരും.

സഹര്‍ ഗുലിനെയും സിതാരയെയും പോലെ ഉള്ളവരുടെ കേസുകള്‍ ഇനി കോടതിക്ക് നിരുപാധികം തള്ളിക്കളയാം.അഫ്ഗാനില്‍ സര്‍വ്വസാധാരണമായ ബാല്യ വിവാഹത്തിന്റെ ഇരയാണ് സഹര്‍ .വേശ്യാവൃത്തി ചെയ്യാന്‍ വിസ്സമ്മതിച്ച സഹറിനെ  ഭര്‍തൃ വീട്ടുകാര്‍ നിലവറയില്‍ പൂട്ടിയിട്ട് മര്‍ദ്ദിക്കുകയും ശരീരം പൊള്ളിക്കുകയും പട്ടിണിക്കിടുകയും ചെയ്തു. സിതാരയുടെ മൂക്കും ചുണ്ടുകളും ഭര്‍ത്താവ് ചെത്തിക്കളയുകയായിരുന്നു.