ടി.പി കേസ് ഉന്നതതല ഗൂഢാലോചനയെപ്പറ്റി പ്രത്യേക സംഘം അന്വേഷിക്കും

single-img
5 February 2014

tpആര്‍.എം.പി. നേതാവ് ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതിന് പിന്നിലെ ഉന്നതതല ഗൂഢാലോചനയെപ്പറ്റി പ്രത്യേക സംഘം അന്വേഷിക്കും. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഡി.ജി.പി ഉത്തരവിറക്കി. ഉത്തര മേഖല എ.ഡി.ജി.പി ശങ്കര്‍ റെഡ്ഡിക്കാണ് അന്വേഷണ സംഘത്തിന്റെ മേല്‍നോട്ടചുമതല. എസ്.പി വി.കെ അക്ബറുടെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് കേസ് അന്വേഷിക്കുക. ഡി.വൈ.എസ്.പിമാരായ ജയ്‌സണ്‍.കെ ഏബ്രഹാം, സി.ഡി ശ്രീനിവാസന്‍, ബിജു ഭാസ്‌കര്‍ എന്നിവരും വടകര സി.ഐയും എടച്ചേരി എസ്.ഐയും ഉള്‍പ്പെടുന്നതാണ് അന്വേഷണ സംഘം.

സി.പി.എം. സംസ്ഥാനനേതാക്കള്‍ ഉള്‍പ്പെടെ വിവിധതലത്തിലുള്ള പ്രമുഖര്‍ നടത്തിയ ഗൂഢാലോചനയെപ്പറ്റിയും പ്രവര്‍ത്തനങ്ങളെക്കുറിച്ചുമാണ് അന്വേഷിക്കുന്നത്.  എന്നാൽ  പരാതി നല്‍കി 24-ാം ദിവസമാണ് കേസെടുക്കുന്നത്. ജനവരി പത്തിനാണ് രമ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി നല്‍കിയത്. ഈ പരാതി ജനവരി 30-ന് കോഴിക്കോട് റൂറല്‍ എസ്.പി. പി.എച്ച്. അഷറഫിന് കൈമാറി. തുടര്‍ന്ന് ഫിബ്രവരി മൂന്നിനാണ് 85/2014 നമ്പറില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ചെയ്തത്. എന്നാൽ ഇതിൽ പാര്‍ട്ടി നേതാക്കളുടെ പേരോ ഭാരവാഹിത്വമോ വ്യക്തമാക്കിയിട്ടില്ല. വടകര മജിസ്‌ട്രേട്ട് കോടതിയിലാണ് എഫ്.ഐ.ആര്‍. സമര്‍പ്പിച്ചിട്ടുള്ളത്.