സി പി എം പയ്യോളി ഏരിയ സെക്രട്ടറിയുടെ വീടിനു നേരെ ആക്രമണം: കോഴിക്കോട് ജില്ലയിലെ നാല് പഞ്ചായത്തുകളില്‍ ഇന്ന് ഹര്‍ത്താല്‍

single-img
5 February 2014

പയ്യോളി: സി.പി.എം. പയ്യോളി ഏരിയ സെക്രട്ടറി ടി.ചന്തു മാസ്റ്ററുടെ വീടിന് നേരെ ആക്രമണം. അര്‍ദ്ധരാത്രി പന്ത്രണ്ടര മണിയോടെയാണ് ആക്രമണം നടന്നത്. വീടിന്റെ ജനല്‍ ചില്ലുകള്‍ അക്രമി സംഘം അടിച്ചു തകര്‍ത്തു. ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നതോടെ അക്രമികള്‍ ഓടി രക്ഷപെട്ടു.

സി.പി.എം പ്രവര്‍ത്തനായ പെരുമാള്‍പുരം കളത്തില്‍ സുനീഷിന്റെ വീടിന് നേരെയും ഇതേ സമയം ആക്രമണം നടന്നു. സുനീഷിന്റെ വീട്ടിലേക്ക് ബോംബ്‌ എറിയുകയായിരുന്നു. രണ്ട് വര്‍ഷം മുന്‍പ് കൊല്ലപെട്ട ബി.എം.എസ് നേതാവ് സി.ടി.മനോജ് വധക്കേസില്‍ പ്രതി ചേര്‍ക്കപെട്ടയാളാണ് സുനീഷ്.

സുനീഷും അമ്മയും സഹോദരനും കിടന്നുറങ്ങുന്ന മുറിക്കുള്ളിലേക്കാണ് ചാക്കുനൂലും കല്ലും ഉപയോഗിച്ച് നിര്‍മ്മിച്ച സ്‌ഫോടക വസ്തു എറിഞ്ഞത്. സ്‌ഫോടനത്തില്‍ ജനല്‍ ചില്ലുകള്‍ തകര്‍ന്ന് കിടന്നുറങ്ങുകയായിരുന്ന ഇവരുടെ ദേഹത്ത് പതിച്ചു. ആക്രമണം നടന്ന ഉടനെ നാലു പേര്‍ ബൈക്കില്‍ രക്ഷപ്പെടുന്നത് കണ്ടതായി സുനീഷ് പറയുന്നു. സംഭവമറിഞ്ഞ് വടകര ഡി.വൈ.എസ്.പി. ജയ്‌സന്‍ കെ.എബ്രഹാം, പയ്യോളി എസ്.ഐ.എന്‍.രാജേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി. അന്വേഷണം നടത്തി.

കൊല്ലപ്പെട്ട ബി.എം.എസ് നേതാവ് സി.ടി.മനോജിന്റെ ചരമവാര്‍ഷികം ഫെബ്രുവരി പതിമൂന്നിന് നടക്കാനിരിക്കെയാണ് അക്രമങ്ങള്‍ ഉണ്ടായത്. പ്രദേശത്ത് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഏരിയ സെക്രട്ടറിയുടെയും പ്രവര്‍ത്തകന്റെയും വീടിന് നേരെ ആക്രമണം നടന്നത്തിനെ തുടര്‍ന്ന് പ്രദേശത്ത് സി.പി.എം. ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. പയ്യോളി, തിക്കോടി, തുറയൂര്‍, മൂടാടി എന്നീ പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍ .ഹര്‍ത്താല്‍ സമാധാനപരമാണ് .