തന്റെ പോത്തുകള്‍ വിക്ടോറിയ രാജ്ഞിയേക്കാള്‍ പ്രശസ്തരായെന്നു യു പി മന്ത്രി അസം ഖാന്‍

single-img
5 February 2014

തന്റെ പോത്തുകളുടെ പ്രശസ്തി ബ്രിട്ടനിലെ വിക്ടോറിയ രാജ്ഞിയെയും വെല്ലുമെന്നു യു പി മന്ത്രിയും മുതിര്‍ന്ന  നേതാവുമായ മുഹമ്മദ്‌ അസം ഖാന്‍ . അസം ഖാന്റെ പോത്തുകളെ കാണാതായ സംഭവം മാധ്യമങ്ങളില്‍ വലിയ വിവാദമായിരുന്നു .

പോത്തുകളെ കാണാതായതിന്റെ പേരില്‍ മൂന്നു പോലീസുകാര്‍ക്ക് സസ്പെന്‍ഷനും ലഭിച്ചിരുന്നു.കൃത്യവിലോപം ആരോപിച്ചായിരുന്നു സസ്പെന്‍ഷന്‍ .

” എന്റെ പോത്തുകള്‍ക്ക് ഇപ്പോള്‍ വിക്ടോറിയ രാജ്ഞിയെക്കാളും പ്രശസ്തി ഉണ്ട്. ആ പോത്തുകളുടെ അത്രയും ഭാഗ്യം എനിക്കുണ്ടായിരുന്നെങ്കില്‍ നന്നായേനെ ” അസംഖാന്‍ പറഞ്ഞു.ഇന്നലെ ലഖ്നോവില്‍ വെച്ച് നടന്ന ഒരു ചടങ്ങിലാണ് സംഭവം വിവാദമാക്കിയ മാധ്യമങ്ങളെ വിമര്‍ശിച്ചു അസംഖാന്‍ ഇങ്ങനെ പറഞ്ഞത്.

“നിങ്ങള്‍ ഏതു ചാനല്‍ വെച്ച് നോക്കിയാലും പോത്തുകളുടെ പുറകെ ചാണകത്തില്‍ കുളിച്ചു ഓടുന്ന എന്റെ രൂപം കാണാന്‍ സാധിക്കും” എന്നാണു തനിക്കുണ്ടായ അപകീര്‍ത്തിയെ അസംഖാന്‍ പ്രതീകാത്മകമായി സൂചിപ്പിച്ചത്.