ആധാറിനെ പിന്തുണച്ചു സുപ്രീം കോടതി :അറബിക്കല്യാണം പോലെയുള്ള കാര്യങ്ങള്‍ തടയാന്‍ സഹായിക്കുമെന്ന് ന്യായീകരണം

single-img
4 February 2014

ന്യൂഡല്‍ഹി: സുരക്ഷാപരമായ കാരണങ്ങള്‍ പരിഗണിക്കുമ്പോള്‍ ആധാര്‍ കാര്‍ഡ് ഒഴിവാക്കാനാവില്ലെന്ന് സുപ്രീം കോടതി. അറബികല്ല്യാണം പോലുള്ള പ്രശ്‌നങ്ങള്‍ സമൂഹത്തില്‍നിന്ന് തുടച്ചുനീക്കാനാണ് ആധാര്‍ നിര്‍ബന്ധിതമാക്കിയതെന്നും സുപ്രീം കോടതി വ്യക്തമാക്കി. എന്നാല്‍ ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കാന്‍ പാടില്ലെന്നും കോടതി നിര്‍ദ്ദേശിച്ചു.

രാജ്യസുരക്ഷയെ ബാധിക്കുമെങ്കില്‍ ആധാര്‍ ഒഴിവാക്കണമെന്ന് എങ്ങനെ പറയാന്‍ കഴിയും. മറ്റുരാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം വ്യാപകമാകുന്ന സാഹചര്യത്തില്‍ ആധാര്‍ അനിവാര്യമാണ്. അറബിക്കല്യാണങ്ങള്‍ കേരളത്തിലും കര്‍ണാടകയിലും നടക്കുന്നതിനാലാണ് ഈ സംസ്ഥാനങ്ങളിലെ വിവാഹ രജിസ്‌ട്രേഷന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയതെന്നും കോടതി ചുണ്ടിക്കാട്ടി.

അതേസമയം, ആധാര്‍ കാര്‍ഡ് എടുക്കണമോ എന്നത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് വ്യക്തികളാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. വിവാഹ രജിസ്‌ട്രേഷന്‍, പാചകവാതക സബ്‌സിഡി തുടങ്ങിയ ആവശ്യങ്ങള്‍ക്കാണ് ആധാര്‍ നിര്‍ബന്ധിതമാക്കിയിരിക്കുന്നത്.

പാചകവാതക സബ്‌സിഡിക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നത് വിലക്കിക്കൊണ്ട് സുപ്രീംകോടതി നേരത്തെ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.ആധാര്‍ എടുക്കാത്തവര്‍ക്കും സബ്‌സിഡിയോടെ പഴയ പടി തന്നെ ഗ്യാസ് ലഭ്യമാക്കണമെന്നും സുപ്രീം കോടതി ഉത്തരവുണ്ടായിരുന്നു.