സച്ചിനും സി എന്‍ ആര്‍ റാവുവിനും ഭാരതരത്നം സമ്മാനിച്ചു

single-img
4 February 2014

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറിനും പ്രശസ്ത ശാസ്ത്രജ്ഞന്‍ സി എന്‍ ആര്‍ റാവുവിനും രാജ്യത്തിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്നം  സമ്മാനിച്ചു.രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി പ്രണബ് മുഖർജിയാണ് ഭാരതരത്ന സമ്മാനിച്ചത്. ഉപരാഷ്ട്രപതി ഹമീദ് അൻസാരി,​ കേന്ദ്ര മന്ത്രിമാർ,​ സച്ചിന്റെ ഭാര്യ അഞ്ജലി,​ മകൾ സാറ തുടങ്ങിയവരടക്കം നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.

ഭാരതരത്നം ലഭിക്കുന്ന ആദ്യത്തെ കായികതാരമാണ് സച്ചിന്‍ തെണ്ടുല്‍ക്കര്‍ .ഭാരതരത്നം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന ബഹുമതിയും സച്ചിന് സ്വന്തമാണ്.ലോകം കണ്ട ഏറ്റവും മികച്ച  കളിക്കാരിൽ ഒരാളുമാണ്‌. 2002-ൽ ക്രിക്കറ്റ് ലോകത്തെ ആധികാരിക മാസികയായ വിസ്ഡൺ മാസിക ഡോൺ ബ്രാഡ്‌മാനു ശേഷം ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച രണ്ടാമത്തെ ക്രിക്കറ്റ് പ്രതിഭയായും, മികച്ച രണ്ടാമത്തെ ഏകദിന ക്രിക്കറ്റ് കളിക്കാരനായും തെണ്ടുൽക്കറെ തിരഞ്ഞെടുത്തു. വിവിയൻ റിച്ചാർഡ്‌സ് ആയിരുന്നു പ്രഥമസ്ഥാനത്ത്. 2003-ൽ വിഡ്‌സൺ മാസിക തന്നെ ഈ പട്ടിക തിരുത്തുകയും സച്ചിനെ ഒന്നാമതായും റിച്ചാഡ്‌സിനെ രണ്ടാമതായും ഉൾപ്പെടുത്തി.

ഇന്ത്യയിലെ ഏറ്റവും വലിയ കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേൽ രത്ന അവാർഡ് നേടിയ ആദ്യ ക്രിക്കറ്ററുമാണു സച്ചിൻ. രണ്ടാമത്തെ വലിയ സിവിലിയൻ ബഹുമതിയായ പത്മ വിഭൂഷൺ നേടിയ ആദ്യത്തെ കായികതാരം എന്ന ബഹുമതി വിശ്വനാഥൻ ആനന്ദിനൊപ്പം 2008-ൽ സച്ചിൻ നേടുകയുണ്ടായി . ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള ക്രിക്കറ്റ് കളിക്കാരിൽ ഒരാളും, പരസ്യം വഴി ഏറ്റവുമധികം വരുമാനമുണ്ടാക്കുന്ന ക്രിക്കറ്റ് കളിക്കാരിൽ ഒരാളും സച്ചിനാണ്‌. ക്രിക്കറ്റിനു പുറമേ ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ റെസ്റ്റോറന്റുകളും സച്ചിൻ നടത്തുന്നുണ്ട്. നിലവിൽ ഇന്ത്യൻ പാർലമെന്റിൽ രാജ്യസഭാംഗവുമാണ് സച്ചിൻ. രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ സജീവ കായികതാരമാണ് അദ്ദേഹം.

ദേശീയ ശാസ്ത്ര ഉപദേശകസമിതി അധ്യക്ഷനും ജവാഹര്‍ലാല്‍ നെഹ്രു സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സയന്റിഫിക് റിസര്‍ച്ചിന്റെ സ്ഥാപകനുമാണ് എഴുപത്തൊന്‍പതുകാരനായ ചിന്താമണി നാഗേശ രാമചന്ദ്ര റാവു എന്ന സി എന്‍ ആര്‍ റാവു. മൈസൂർ സർവകലാശാലയിൽനിന്ന് ബിരുദവും ബനാറസ് ഹിന്ദു സർവകലാശാലയിൽനിന്ന് ബിരുദാനന്തര ബിരുദവും നേടിയ സി.എൻ.ആർ. റാവു അമേരിക്കയിലെ ഇന്ത്യാനയിലുള്ള പർഡ്യൂ സർവകലാശാലയിൽനിന്നാണ് പിഎച്ച്.ഡി. നേടിയത്.1963ൽ അദ്ദേഹം കാൺപുരിലെ ഐ.ഐ.ടി.യിൽ അധ്യാപകനായി. 1984 മുതൽ പത്തുകൊല്ലം ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സയൻസ് ഡയറക്ടറായിരുന്നു. രസതന്ത്രത്തിന് ലോകോത്തര ലാബ് ഇവിടെ സ്ഥാപിച്ചതും അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്.

ഭാരതസർക്കാറിന്റെ പ്രഥമ ശാസ്ത്രപുരസ്കാരം,ചൈനീസ് സയൻസ് അക്കാദമിയുടെ അന്താരാഷ്ട്ര ശാസ്ത്ര സഹകരണത്തിനുള്ള 2012-ലെ പുരസ്കാരം,പത്മശ്രീ പുരസ്കാരം,പത്മവിഭൂഷൺ പുരസ്കാരം എന്നിവ അടക്കം നിരവധി പുരസ്കാരങ്ങള്‍ ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.ലോകപ്രശസ്ത സർവകലാശാലകളും ഗവേഷണകേന്ദ്രങ്ങളും നല്കിയ 48 ഓണററി ഡോക്ടറേറ്റുകളും ഇദ്ദേഹത്തിനുണ്ട്.