ദിവസം 11 രൂപ വരുമാനമുള്ളവര്‍ ദാരിദ്ര്യരേഖയ്ക്കു മുകളിലെന്ന് മോഡി

single-img
4 February 2014

modi-visaഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ കണക്കില്‍ ദിവസം 11 രൂപ വരുമാനം ലഭിക്കുന്നവര്‍ ദാരിദ്ര്യ രേഖയ്ക്ക് മുകളിലാണ്. അന്ത്യോദയ യോജനയ്ക്കുവേണ്ടി പുറത്തിറക്കിയ സര്‍ക്കുലറിലാണു നരേന്ദ്ര മോഡി ദാരിദ്ര്യരേഖ പുനര്‍നിര്‍ണയിച്ചത്. ഗ്രാമപ്രദേശങ്ങളില്‍ 11 രൂപയും നഗരങ്ങളില്‍ 17 രൂപയും സമ്പാദിക്കുന്നവര്‍ ബിപിഎലുകാരില്‍ ഉള്‍പ്പെടില്ലെന്നു കാണിച്ചു ഗുജറാത്ത് ഭക്ഷ്യവിതരണ വകുപ്പ് സര്‍ക്കുലര്‍ അയയ്ക്കുകയായിരുന്നു.

ഇതിനെ തുടര്‍ന്ന് മോഡിക്കെതിരേ ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള രാഷ്ട്രീയകക്ഷികള്‍ രംഗത്തു വന്നു. പണ്ട് 32 രൂപ സമ്പാദിക്കുന്നതിനെ തമാശയായി പരിഹസിച്ച മോഡി എങ്ങനെയാണ് 11 രൂപയ്ക്ക് മുകളിലുള്ളവരെ ബിപിഎലില്‍ നിന്നു പുറത്താക്കിയതെന്നു കോണ്‍ഗ്രസ് വക്താവ് അജയ് മാക്കന്‍ ചോദിച്ചു. പിന്നീടു പാര്‍ലമെന്റ് സമ്മേളനം വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ ധനമന്ത്രി പി. ചിദംബരവും പാര്‍ലമെന്ററി കാര്യ മന്ത്രി കമല്‍നാഥും മോഡിയെ ശക്തമായി വിമര്‍ശിക്കുകയും ചെയ്തു.