ആംആദ്മി മന്ത്രി മനീഷ് ശിശോദിയയ്‌ക്കെതിരെ ഗുരുതരമായ സാമ്പത്തികാരോപണം

single-img
4 February 2014

manish-sisodiaആം ആദ്മി പാര്‍ട്ടി വീണ്ടും ആരോപണങ്ങളുടെ നടുവില്‍. പാര്‍ട്ടിയിലെ രണ്ടാമനും അരവിന്ദ് കെജരിവാളിന്റെ ഏറ്റവുമടുത്ത നേതാവുമായ മനീഷ് ശിശോദിയക്കെതിരേയാണ് ഗുരുതരമായ സാമ്പത്തിക ആരോപണമുയര്‍ന്നിരിക്കുന്നത്. കബീര്‍ എന്ന എന്‍ജിഒയുടെ പേരില്‍ പിരിച്ചെടുത്ത വിദേശ ഫണ്ട് വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി ചെലവഴിച്ചെന്നാണ് ആരോപണം. 2012 ല്‍ നടത്തിയ പരിശോധനാ റിപ്പോര്‍ട്ടിലാണ് എന്‍ജിഒക്കെതിരേ ക്രമക്കേട് ആരോപിക്കപ്പെട്ടത്.

മറ്റൊരു പ്രധാനകാര്യം എന്‍ജിഒയുടെ ഗവേണിംഗ് ബോഡി അംഗങ്ങളില്‍ കെജരിവാളും ഉള്‍പ്പെട്ടിരുന്നുവെന്നതാണ്. മതിയായ രേഖകളില്ലാതെയാണ് പണം കൈപ്പറ്റിയിരിക്കുന്നതെന്ന് 2012ലെ കണ്‍ട്രോളര്‍ ഓഫ് അക്കൗണ്ട്‌സ് കണ്‌ടെത്തിയിട്ടുണ്ട്.

മനീഷിന്റെ ഭാര്യയുടെ വ്യക്തിപരമായ ആവശ്യങ്ങള്‍, വീട്ടുവാടക, യാത്രാ ചെലവുകള്‍, മനീഷിന്റെ തന്നെ കാര്‍ സര്‍വീസ് ചാര്‍ജ് തുടങ്ങിയ ആവശ്യങ്ങള്‍ക്ക് പണം ഉപയോഗിച്ചെന്നാണ് കണ്‌ടെത്തിയത്. രസീത് നല്‍കാതെയാണ് ഈ പണം ചെലവാക്കിയിരിക്കുന്നത്. 2008 മുതല്‍ 2012 വരെയുള്ള കാലയളവില്‍ 17.7 ലക്ഷത്തോളം രൂപ രാജ്യത്തെ വിവരാവകാശപ്രവര്‍ത്തകര്‍ക്ക് എന്‍ജിഒ കൈമാറിയിട്ടുണ്ട്. എന്നാല്‍ ഇതു സംബന്ധിച്ച രേഖകള്‍ അക്കൗണ്ട്‌സ് കമ്മിറ്റിക്കു മുന്നില്‍ സമര്‍പ്പിക്കാന്‍ ശിശോദിയക്കും സംഘത്തിനും കഴിഞ്ഞിട്ടില്ലെന്നത് ആരോപണത്തിന്റെ പ്രാധാന്യം കൂട്ടുന്നു.

ഏകദേശ 2 കോടിയോളം രൂപ കബീര്‍ സംഘടനയ്ക്ക് ലഭിച്ചിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.