ലോകം കാന്‍സറിന്റെ പിടിയിലെന്നു ലോകാരോഗ്യസംഘടന : മദ്യത്തിന്റെയും പഞ്ചസാരയുടെയും ഉപയോഗം കുറയ്ക്കണമെന്നു മുന്നറിയിപ്പ്

single-img
4 February 2014

ലോകത്ത് കാന്‍സര്‍ ബാധിതരുടെ എണ്ണം അനിയന്ത്രിതമായി വര്‍ദ്ധിച്ചുവരുന്നതായി ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ട്. ഒരു വര്‍ഷം ഏകദേശം ഒരു കോടി നാല്‍പതു ലക്ഷം ആളുകള്‍ എങ്കിലും കാന്‍സര്‍ ബാധിതരാകുന്നു എന്നാണു ലോകാരോഗ്യ സംഘടനയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ . 2035 ആകുമ്പോഴേയ്ക്കും ഇത് രണ്ടുകോടി നാല്‍പതു ലക്ഷമായി ഉയരും എന്നാണു വിലയിരുത്തല്‍ .

കാന്‍സര്‍ ഇത്തരത്തില്‍ വ്യാപകമാകുന്നതിനു തെറ്റായ ഭക്ഷണ ശീലം,അമിതവണ്ണം,പുകവലി,മദ്യപാനം എന്നിവയാണ് ലോകാരോഗ്യസംഘടന ഉയര്‍ത്തിക്കാട്ടുന്നത്.ഇത്തരം അപകടകരമായ പ്രവണതകളെ ഒഴിവാക്കാന്‍ നന്നായി പരിശ്രമിക്കേണ്ട സമയമാണിതെന്നു സംഘടന പറയുന്നു.

ഇതുകൂടാതെ റേഡിയെഷന്‍ , അന്തരീക്ഷ മലിനീകരണം,അമ്മയാകുന്നതിനു  എടുക്കുന്ന കാലതാമസം , മുലയൂട്ടലിന്റെ അഭാവം എന്നിവയും കാന്‍സറിന്റെ കാരണങ്ങളായി വിലയിരുത്തപ്പെടുന്നു.സ്ത്രീകളുടെയിടയില്‍ സ്തനാര്‍ബുദം വ്യാപകമായി വരുന്നുണ്ട്.അതുപോലെ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഗര്‍ഭാശയ കാന്‍സറും വര്‍ദ്ധിച്ചു വരുന്നതായി റിപ്പോര്‍ട്ട്‌ ഉണ്ട്.

മദ്യത്തിന്റെ ഉപയോഗം കഴിയുന്നത്ര കുറയ്ക്കാന്‍ ആണ് ആസ്ട്രേലിയയിലെ ന്യൂ  സൌത്ത് വെയില്‍സ് യൂണിവേഴ്സിറ്റി പ്രോഫസ്സര്‍ ഡോ . ബെര്‍ണാഡ്‌ സ്റ്റുവര്‍ട്ട് പറയുന്നത്.മദ്യപിച്ചു വാഹനം ഓടിക്കുന്നതിലെയും മറ്റും മാത്രം അപകടത്തെ കാണുന്നവര്‍ മദ്യപാനം വഴി ഉണ്ടാകുന്ന രോഗങ്ങളെപ്പറ്റി പറയാറില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അമിതവണ്ണം ഉണ്ടാകാന്‍ പ്രധാന കാരണമായ പഞ്ചസാരയുടെ ഉപയോഗവും പരമാവധി കുറയ്ക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിക്കുന്നു.