ടി പി വധക്കേസ് പ്രതികള്‍ക്ക് വേണ്ടി പ്രതിപക്ഷത്തിന്റെ സബ്മിഷന്‍ : വി എസ് വിട്ടു നിന്നു

single-img
3 February 2014

ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് ജയിലില്‍ മര്‍ദ്ദനമേറ്റുവെന്ന ആരോപണത്തില്‍ പ്രതിപക്ഷം സഭയില്‍ സബ്മിഷന്‍ അവതരിപ്പിച്ചു. മുന്‍സ്പീക്കറും സി പി എം നേതാവുമായ കെ. രാധാകൃഷ്ണന്‍ ആണ് സബ്മിഷന്‍ അവതരിപ്പിച്ചത്. ഈ സമയം പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ സഭയില്‍ ഉണ്ടായിരുന്നില്ല. വിയ്യൂര്‍ ജയിലില്‍ പ്രതികളെ കെട്ടിയിട്ട് മര്‍ദ്ദിച്ചുവെന്നും പ്രതികളെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റിയത് തന്നെ സുപ്രീംകോടതി മാനദണ്ഡങ്ങളുടെ ലംഘനമാണെന്നും കെ രാധാകൃഷ്ണന്‍ സബ്മിഷനില്‍ ആരോപിച്ചു.

ജനുവരി 30ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വിയ്യുര്‍ ജയിലിലേക്ക് മാറ്റിയ 9 തടവുകാര്‍ക്ക് മര്‍ദ്ദനമേറ്റെന്ന് ചൂണ്ടിക്കാട്ടിയാണ് കെ രാധാകൃഷ്ണന്‍ സബ്മിഷന്‍ ഉന്നയിച്ചത്. കണ്ണൂരില്‍ നിന്ന് അര്‍ദ്ധരാത്രി ജയിലില്‍ എത്തിച്ച പ്രതികളെ ഓരോരുത്തരായി വാഹനത്തില്‍ നിന്ന് ഇറക്കി പ്രത്യേകം തയാറാക്കിയ മുറിയിലെത്തിച്ച് മര്‍ദ്ദിച്ചെന്ന് രാധാകൃഷ്ണന്‍ ആരോപിച്ചു. മര്‍ദ്ദനത്തില്‍ തടവുകാരുടെ നട്ടെല്ലിനും ചെവിയ്ക്കും പരിക്കേറ്റു. കണ്ണുര്‍ ജയിലില്‍ കഴിഞ്ഞിരുന്ന ഈ തടവുകാരെ വിയ്യുരിലേക്ക് മാറ്റിയതിന് പിന്നില്‍ ഗുഢാലോചനയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

കോടതി ശിക്ഷ വിധിച്ചവരുടെ ശിക്ഷ കുറയ്ക്കണമെന്നല്ല, മറിച്ച് സുപ്രിം കോടതി നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡം അനുസരിച്ചുളള സുരക്ഷ ഉറപ്പാക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്നും കെ.രാധാകൃഷ്ണന്‍ പറഞ്ഞു. ഏത് കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികളാണിത് എന്ന് പറയാതെയായിരുന്നു കെ.രാധാകൃഷ്ണന്റെ അവതരണം.ഇതിനിടെ ഭരണപക്ഷ ബഞ്ചുകളില്‍ നിന്ന് വന്ന പ്രതികരണങ്ങളില്‍ പ്രകോപിതരായ പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി. സ്പീക്കര്‍ ഇടപെട്ട് രംഗം ശാന്തമാക്കിയതിന് ശേഷമായിരുന്നു അഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ മറുപടി.

സുരക്ഷാ കാരണങ്ങളാലാണ് ടി പി കേസില്‍ ശിക്ഷിക്കപ്പെട്ടവരെ ജയില്‍ മാറ്റിയതെന്ന് മന്ത്രി സഭയെ അറിയിച്ചു. ഇതിന് ജയില്‍ ചട്ടങ്ങള്‍ അനുവദിക്കുന്നുണ്ട്. ജയിലിലേക്ക് പ്രവേശിപ്പിക്കുമ്പോള്‍ സാധനങ്ങള്‍ പരിശോധിച്ച ഉദ്യോഗസ്ഥരോട് തടവുകാര്‍ കയര്‍ത്തു. വെവ്വേറെ സെല്ലുകളിലേക്ക് മാറ്റുമ്പോഴും എതിര്‍ക്കുകയും അസഭ്യം പറയുകയും ചെയ്തു. കുറഞ്ഞത് 3 പേരെയങ്കിലും ഒരുമിച്ച് ഒരു സെല്ലിലിടണമെന്നാവശ്യപ്പെട്ടായിരുന്നു എതിര്‍പ്പെന്നും മന്ത്രി വിശദീകരിച്ചു.ജയില്‍ചട്ടം ലംഘിച്ചതിനും ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞതിനും തടവുകാര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും രമേശ് ചെന്നിത്തല മറുപടി നല്‍കി.

സബ്മിഷന്‍ അവതരിപ്പിക്കുമ്പോള്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ സഭയില്‍ നിന്ന് വിട്ടുനിന്നുവെന്നത് ശ്രദ്ധേയമാണ്.സഭയിലെ മുറിയില്‍ തന്നെ ഉണ്ടായിരുന്നെങ്കിലും സഭയ്ക്കകത്തേക്ക് വരാന്‍ അദ്ദേഹം തയ്യാറായില്ല.നേരത്തെ ഈ വിഷയത്തില്‍ അടിയന്തരപ്രമേയം കൊണ്ടുവരാനുള്ള പ്രതിപക്ഷ നീക്കം പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു.