ആപ്പിനെ ആപ്പിലാക്കി വിനോദ്കുമാര്‍ ബിന്നി വീണ്ടും : തനിക്കു നാല് എം എല്‍ എ മാരുടെ പിന്തുണയെന്നു അവകാശവാദം

single-img
3 February 2014

ആം ആദ്മി പാര്‍ട്ടിയെ കുഴപ്പത്തിലാക്കിക്കൊണ്ട്  വിനോദ് കുമാര്‍ ബിന്നി വീണ്ടും രംഗത്ത്‌.തനിക്കു നാല് എം എല്‍ എമാരുടെ പിന്തുണ ഉണ്ടെന്ന അവകാശവാദമുയര്‍ത്തിയാണ് ബിന്നി രംഗത്തെത്തിയത്.അച്ചടക്ക ലംഘനത്തിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ടയാളാണ് ബിന്നി.നാല് എം എല്‍ എമാരുടെ പിന്തുണയുള്ള താന്‍ വിചാരിച്ചാല്‍ കെജരിവാള്‍ സര്‍ക്കാരിനെ താഴെയിറക്കാന്‍ കഴിയുമെന്നാണ് ബിന്നിയുടെ ഭീഷണി.

ബിന്നിയെ പുറത്താക്കിയതിനു ശേഷം എഴുപതംഗ നിയമസഭയില്‍ ആം ആദ്മി പാര്‍ട്ടിയ്ക്ക് വെറും 27 അംഗങ്ങളെ സ്വന്തമായുള്ളൂ.കോണ്ഗ്രസ്സിന്റെ 8 എം എല്‍ എമാരും ഒരു ജനതാ ദള്‍ (യുനൈറ്റഡ്) അംഗവും ഒരു സ്വതന്ത്രനും കൂടെ ചേര്‍ന്ന 37 അംഗങ്ങളുടെ പിന്തുണയില്‍ ആണ് ഇപ്പോള്‍ ആം ആദ്മി സര്‍ക്കാരിന്റെ നിലനില്‍പ്പ്‌.കേവലഭൂരിപക്ഷമായ 36 -ല്‍ നിന്നും ഒരംഗം മാത്രമേ കൂടുതല്‍ ആയുള്ളൂ.

ജെ ഡി യു അംഗം  ഷോഹൈബ് ഇക്ബാലും സ്വതന്ത്രന്‍ രണ്ബീര്‍ ഷോക്കീനും തന്നോടൊപ്പം ഉണ്ട് എന്നവകാശപ്പെട്ട്  ഇന്നലെ ആണ് ബിന്നി രംഗത്തെത്തിയത്.തങ്ങളുടെ ആവശ്യങ്ങള്‍ ഉടന്‍ അംഗീകരിച്ചില്ലെങ്കില്‍ ലഫ്റ്റ: ജനറലിനെ കണ്ടു പിന്തുണ പിന്‍വലിക്കും എന്നാണു ബിന്നിയുടെ ഭീഷണി.ആം ആദ്മി പാര്‍ട്ടിയിലെ മറ്റു ചില എം എല്‍ എമാരും തന്നോടൊപ്പം ഉണ്ടെന്നും ബിന്നി പറയുന്നു.എന്തായാലും ആം ആദ്മി പാര്‍ട്ടിയെ വലിയൊരു രാഷ്ട്രീയ പ്രതിസന്ധിയിലാണ് ബിന്നി എത്തിച്ചിരിക്കുന്നത്.