അസം ഖാന്റെ പോത്തുകളെ തിരിച്ചു കിട്ടി : മൂന്നു പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

single-img
3 February 2014

ഉത്തപ്രദേശ് മന്ത്രി അസം ഖാന്റെ ഏഴു പോത്തുകള്‍ മോഷണം പോയ സംഭവത്തില്‍ മൂന്ന് പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍.കൃത്യവിലോപം ആരോപിച്ചാണ് സസ്പെന്‍ഷന്‍.അതേസമയം പോത്തുകളെ പിന്നീട് പോലീസ് കണ്ടെത്തി.

ഇത് ഇത്ര വലിയ വിവാദം ആക്കിയതിന് അസം ഖാന്‍ മാധ്യമങ്ങളെ കുറ്റപ്പെടുത്തി.” ഇതൊക്കെയാണോ നിങ്ങളുടെ വാര്‍ത്ത? എന്തായാലും ഇതൊരു നല്ല വാര്‍ത്തയാക്കി തന്നതിന് നന്ദി ” എന്നാണു അസം ഖാന്‍ പരിഹാസത്തോടെ പ്രതികരിച്ചത്.

വെള്ളിയാഴ്ചയാണ് അസം ഖാന്റെ അതീവ സുരക്ഷയുള്ള ഫാം ഹൌസിന്റെ കമ്പി വേലി മുറിച്ചു മോഷ്ടാക്കള്‍ പോത്തുകളെ കടത്തിക്കൊണ്ടു പോയത്.ജില്ലാ പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ പോലീസ് നായ അടക്കമുള്ള പോലീസ് സംഘം  നടത്തിയ പോത്ത് വേട്ടയ്ക്കൊടുവില്‍ ഞായറാഴ്ച പോത്തുകളെ കണ്ടെത്തി.

വര്‍ഗീയ കലാപങ്ങള്‍ ഉണ്ടായിട്ടും സ്ത്രീകള്‍ ബലാല്‍സംഗം ചെയ്യപ്പെട്ടിട്ടും നടപടി എടുക്കാത്ത ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പോത്തുകളെ കാണാതായ സംഭവത്തില്‍ പോലീസുകാരെ സസ്പെന്ഡ് ചെയ്ത സംഭവം അപഹാസ്യമാണെന്ന് ബി ജെ പി ആരോപിച്ചു.