അരുണാചല്‍ എംഎല്‍എയുടെ മകന്റെ വംശീയധിക്ഷേപ കൊലപാതകം: ഡല്‍ഹി വന്‍ പ്രതിഷേധത്തിലേക്ക്

single-img
1 February 2014

Nido_360വംശീയ അധിക്ഷേപത്തെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ അരുണാചല്‍ പ്രദേശ് എംഎല്‍എയുടെ മകന്‍ ഡല്‍ഹിയില്‍ അക്രമികളുടെ അടിയേറ്റു മരിച്ച സംഭവത്തില്‍ രാജ്യ തലസ്ഥാനത്ത് വ്യാപക പ്രതിഷേധം ഉയര്‍ന്നു വരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന ഡല്‍ഹി കൂട്ടമാനഭംഗത്തെ തുടര്‍ന്നുണ്ടായ ജനകീയ പ്രക്ഷോഭത്തിനു ശേഷം മറ്റൊരു മറ്റൊരു ബൃഹത് പ്രക്ഷോഭത്തിന് രാജ്യ തലസ്ഥാനം ഒരുങ്ങുന്നതായാണ് സൂചന.

അരുണാചല്‍ എംഎല്‍എയുടെയും ആരോഗ്യ മന്ത്രാലയം പാര്‍ലമെന്ററി സെക്രട്ടറി നിഡോ പവിത്രയുടെ മകന്‍ നിഡോ തനിയാമാണ് (18) വംശീയാധിക്ഷേപത്തിന്റെ പേരിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് വെള്ളിയാഴ്ച കൊല്ലപ്പെട്ടത്. ഇതിനെ തുടര്‍ന്ന് തുടര്‍ന്ന് സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളിലൂടെ ആയിരക്കണത്തിന് വിദ്യാര്‍ഥികളാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. ആരൊക്കെ അധികാരത്തില്‍ വന്നാലും രാജ്യ തലസ്ഥാനത്ത് വിദ്യാര്‍ഥികള്‍ സുരക്ഷിതരല്ലെന്ന് അവര്‍ ആരോപിച്ചു.

കൊലപാതകത്തില്‍ പ്രതിഷേധിച്ച് വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ വിദ്യാര്‍ത്ഥികള്‍ ഇന്നു തെരുവിലിറങ്ങുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡല്‍ഹി ലജ്പത് മാര്‍ക്കറ്റില്‍ ബുധനാഴ്ച വൈകുന്നേരം സുഹൃത്തുക്കള്‍ക്കൊപ്പമെത്തിയ തനിയാമിനെ ഹെയര്‍ സ്റ്റൈലിന്റെ പേരില്‍ മാര്‍ക്കറ്റിലെ ഒരു കടയിലുണ്ടായിരുന്നവര്‍ വംശീയമായി അധിക്ഷേപിച്ചെന്നാണ് ആരോപണം. ഇതില്‍ പ്രകോപിതനായ തനിന്‍ തനിക്കുനേരെയുള്ള ആക്ഷേപങ്ങള്‍ക്കു മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് കടയുടെ ഗ്ലാസ് തകര്‍ക്കുകയും ഇതേത്തുടര്‍ന്നു കടയിലുണ്ടായിരുന്നവരുടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘം ഇരുമ്പുവടിയുമായി വിദ്യാര്‍ഥികളെ ആക്രമിക്കുകയായിരുന്നു. അടിയില്‍ ഗുരുതരമായി പരിക്കേറ്റ തനിന്‍ വെള്ളിയാഴ്ച രാവിലെ മരിച്ചു.

സംഭവത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണം നടത്താന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ നിര്‍ദേശം നല്കി. കേസുമായി ബന്ധപ്പെട്ട് ഇതുവരെ മൂന്നുപേര്‍ അറസ്റ്റിലായിട്ടുണ്ട്.