സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നയിക്കുന്ന കേരള രക്ഷാമാര്‍ച്ചിന് വയലാറില്‍ തുടക്കമായി.

single-img
1 February 2014

kerala‘മതനിരപേക്ഷ ഇന്ത്യ, വികസിത കേരളം’ എന്ന മുദ്രാവാക്യമുയര്‍ത്തി സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നയിക്കുന്ന കേരള രക്ഷാമാര്‍ച്ചിന് വയലാറില്‍ തുടക്കമായി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് രണ്ടക്ക സംഖ്യക്ക് പുറത്തുകടക്കാന്‍ കഴിയില്ലെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് പൊളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍ പിള്ള പറഞ്ഞു. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ അധ്യക്ഷനായി.കേരളം, ബംഗാള്‍ ,ത്രിപുര എന്നിവിടങ്ങളില്‍ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതു പാര്‍ട്ടികള്‍ വന്‍ വിജയം നേടുമെന്നും കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്തുമെന്നും എസ്.രാമചന്ദ്രന്‍ പിള്ള പറഞ്ഞു. കൂടാതെ ടി.പി. ചന്ദ്രശേഖരന്‍ വധത്തിന്റെ അന്വേഷണം സിബിഐയെ ഏല്‍പ്പിക്കാനുള്ള നീക്കം നിയമവിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.സി.പി.എം.

കേന്ദ്രകമ്മിറ്റിയംഗങ്ങളായ എ. വിജയരാഘവന്‍, ഇ.പി. ജയരാജന്‍, പി.കെ. ശ്രീമതി, സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ എ.കെ. ബാലന്‍, എം.വി. ഗോവിന്ദന്‍മാസ്റ്റര്‍, എളമരം കരീം, ബേബിജോണ്‍ എന്നിവരും ആദ്യവസാനം മാര്‍ച്ചില്‍ പങ്കെടുക്കുന്നുണ്ട്. 26ന് കോഴിക്കോട്ട് ജാഥ സമാപിക്കും.യു.ഡി.എഫ് സര്‍ക്കാര്‍ സംസ്ഥാനത്തിന്റെ സര്‍വമേഖലയേയും തകര്‍ത്തുവെന്ന് മാര്‍ച്ച് നയിക്കുന്ന പിണറായി വിജയന്‍ പറഞ്ഞു. തട്ടിപ്പും വെട്ടിപ്പും അഴിമതിയും നടത്തുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളതെന്ന് വി.എസ് പ്രസംഗത്തില്‍ പറഞ്ഞു. സ്ത്രീ സുരക്ഷയില്ലാത്ത സംസ്ഥാനമായി കേരളം മാറിയെന്ന് പി.ബി അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മതനിരപേക്ഷ ഇന്ത്യ, വികസിത കേരളം എന്ന മുദ്രാവാക്യത്തിന് പുറമെ വിലക്കയറ്റം തടയുക, പൊതുവിതരണം ശക്തിപ്പെടുത്തുക, വര്‍ഗീയതയെ ചെറുക്കുക, സോളാര്‍ അഴിമതിക്കേസില്‍ ഉള്‍പ്പെട്ട മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെയ്ക്കുക, അഴിമതി തടയുക തുടങ്ങിയ ആവശ്യങ്ങളും ഉയര്‍ത്തിയാണ് കേരള രക്ഷാമാര്‍ച്ച്.140 നിയമസഭ മണ്ഡലങ്ങളിലും പര്യടനം നടത്തുന്ന മാര്‍ച്ചിന് 126 കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും.