ഡല്‍ഹിയില്‍ പട്ടാപ്പകല്‍ എട്ടുകോടി കൊള്ളയടിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍ : കൊള്ളയടിക്കപ്പെട്ടതു ക്രിക്കറ്റ് വാതുവെയ്പ്പ് മാഫിയയുടെ പണമെന്നു സംശയം

single-img
1 February 2014

ദല്‍ഹി നഗരത്തെ നടുക്കിയ പകല്‍ക്കൊള്ളയുമായി ബന്ധപ്പെട്ട് പോലീസ് മൂന്നുപേരെ അറസ്റ്റ് ചെയ്തു.ഹരിയാനയില്‍ നിന്നുള്ള ഒരു കൊള്ളസംഘത്തിലെ അംഗങ്ങള്‍ ആണ് അറസ്റ്റിലായത്.

ചൊവ്വാഴ്ചയാണ് നഗരത്തെ നടുക്കിയ സംഭവം നടന്നത്.സൌത്ത് ഡല്‍ഹിയിലെ മൂല്‍ചന്ദ് ഫ്ലൈ ഓവറിനടുത്തു  വെച്ച് ഒരു വാഗണ്‍ ആര്‍ കാറിലെത്തിയ സംഘം രാജേഷ് കാല്‍റ എന്നയാളുടെ  ഹോണ്ട സിറ്റി കാറും അതിലുള്ള എട്ട് കോടി രൂപയും തോക്ക് ചൂണ്ടി തട്ടിയെടുത്തിരുന്നു.

എന്നാല്‍ പതിനഞ്ചു കോടിയോളം രൂപ മോഷണം പോയതായി പോലീസ് കണക്കു കൂട്ടുന്നു. പരാതി നല്‍കിയ കാല്‍റ ബാക്കി തുകയുടെ കാര്യം മറച്ചു വെച്ചതായി പോലീസ് സംശയിക്കുന്നു. വാദി ആയ രാജേഷ്‌ കാല്‍റ 2000 ഏപ്രില്‍ മാസത്തില്‍ പുറത്തു വന്ന ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് കളിക്കാരന്‍ ഹാന്‍സി ക്രോണിയ ഉള്‍പ്പെട്ട വാതുവെയ്പ്പ് വിവാദത്തിലെ ഇടനിലക്കാരന്‍ ആയിരുന്നു എന്നാണു ഡല്‍ഹി പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.പ്രസ്തുത കേസ് തെളിയിച്ചത് ഡല്‍ഹി പോലീസ് ആയിരുന്നു.ഈ വാതുവെയ്പ്പിലൂടെ ലഭിച്ച പണമാകാം മോഷ്ടിക്കപ്പെട്ടത് എന്നാണു പോലീസിന്റെ നിഗമനം.

അതേസമയം ഒരു വസ്തു ഇടപാടുമായി ബന്ധപ്പെട്ട് ലഭിച്ച പണമായിരുന്നു അതെന്നും, പണം കരോള്‍ബാഗിലെ ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുപോയപ്പോള്‍ ആണ് താന്‍ കൊള്ളയടിക്കപ്പെട്ടതു എന്നാണു കാല്‍റയുടെ വാദം.എന്തായാലും കാല്‍റയും പോലീസിന്റെ നിരീക്ഷണവലയത്തിലാണ്.