തിരുവിതാംകൂര്‍ ഈഴവസംഗമം : ഈഴവരെ സവര്‍ണ്ണഹിന്ദുത്വത്തിന്റെ കുഴലൂത്തുകാരാക്കുന്ന സുന്നഹദോസ്

single-img
31 January 2014

sndpകേരളത്തിലെ ഭൂരിപക്ഷസമുദായമായ ഈഴവരെക്കൊണ്ട് ഇന്ന് തിരുവനന്തപുരം നഗരം നിറയും. മാധ്യമങ്ങളുടെ കാല്‍പനിക ഭാഷയില്‍ പറഞ്ഞാല്‍ അനന്തപുരി മഞ്ഞക്കടലായി മാറുന്നു.നിരവധി സമരങ്ങളും പ്രക്ഷോഭങ്ങളും തലസ്ഥാനനഗരിയെ നിശ്ചലമാക്കാറുണ്ട്.എന്നാല്‍ ഈ ആള്‍ക്കൂട്ടത്തെ നഗരത്തിലൂടെ എഴുന്നള്ളിച്ചു ശംഖുമുഖം കടപ്പുറത്ത് കൂട്ടുന്നതിനു എന്ത് സാമൂഹികമാനം ആണുള്ളത് എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു.ഇതുകൊണ്ട് പൊതു സമൂഹത്തിനു പോയിട്ട് ഈഴവ സമൂഹത്തിനു പോലും യാതൊരു പ്രയോജനവുമില്ല എന്ന് പ്രത്യക്ഷത്തില്‍ തന്നെ മനസ്സിലാക്കാവുന്നതെയുള്ളൂ.

ഇത്തരമൊരു സമ്മേളനത്തെക്കുറിച്ച്  ചര്‍ച്ച ചെയ്യുന്നതിനു മുന്‍പ് ഈ സമ്മേളനത്തിന്റെ പേര് ഒന്ന് ശ്രദ്ധിക്കേണ്ടതുണ്ട്.തിരുവിതാംകൂര്‍ ergregഎന്ന രാജവംശം ഈഴവര്‍ അടക്കമുള്ള കീഴ്ജാതികളെ എങ്ങനെ ആണ് അടിച്ചമര്‍ത്തിയതെന്നും എത്രത്തോളം ചൂഷണം ചെയ്തിരുന്നു എന്നുമുള്ള മിനിമം ചരിത്രബോധം എങ്കിലും ഉണ്ടായിരുന്നെങ്കില്‍ ഇത്തരം ഒരു പേര് ഈ സമ്മേളനത്തിന് നല്‍കാന്‍ വെള്ളാപ്പള്ളി മുതിരുമായിരുന്നില്ല.ഈഴവര്‍ പോയിട്ട് അന്ന് താരതമ്യേന ഉയര്‍ന്നവരായി കരുതപ്പെട്ടിരുന്ന നായര്‍ സ്ത്രീകളെപ്പോലും ഉന്നത ജാതിക്കാരുടെ മുന്നില്‍ മാറുമറയ്ക്കാന്‍ അനുവദിച്ചിരുന്നില്ല.പിന്നീട് മാറുമറയ്ക്കാന്‍ തുടങ്ങിയപ്പോള്‍ മുലക്കരം ഏര്‍പ്പെടുത്തിയതും ഈ രാജവംശം തന്നെ.മുലക്കരത്തിനെതിരെ പ്രതിഷേധിച്ചു കൊണ്ട് കരം പിരിക്കാനെത്തിയ രാജകിങ്കരന്‍റെ മുന്നിലേയ്ക്ക്  സ്വന്തം മുലകള്‍ ഛേദിച്ചിട്ട ശേഷം രക്തം വാര്‍ന്നു മരിച്ച നങ്ങേലിയുടെ ചരിത്രം അറിയാവുന്നവര്‍ക്ക് ഒരിക്കലും നങ്ങേലി ഉള്‍പ്പെടുന്ന സമുദായത്തെ “തിരുവിതാംകൂറില്‍ ” സംഗമിപ്പിക്കാന്‍ കഴിയില്ല.തന്റെ സ്വന്തം താലൂക്കായ ചേര്‍ത്തലയിലെ മുലച്ചിപ്പറമ്പിനെക്കുറിച്ച് വെള്ളാപ്പള്ളിയ്ക്ക് അറിവുണ്ടാകുമോ ആവോ !!

ശ്രീനാരായണഗുരുവിനെ ഒക്കെ പണ്ടേ എസ് എന്‍ ഡി പിക്കാര്‍ മറന്നു കഴിഞ്ഞു.മദ്യം എന്ന് ഉദ്ദേശിച്ചത് ചെത്തുകള്ളിന്റെ കാര്യം ആണെന്നും വിദേശമദ്യം അതില്‍ ഉള്‍പ്പെടില്ലെന്നും പ്രസ്ഥാനത്തിന്റെ നിയുക്ത രാജകുമാരന്‍ പറഞ്ഞത് രണ്ടു വര്ഷം മുന്നേ ആണ്.ജാതിയും മതവും ഉന്മൂലനം ചെയ്തു സവര്‍ണ്ണ ഹിന്ദു ആധിപത്യത്തിനെതിരെ സഹോദരന്‍ അയ്യപ്പനെയും  അയ്യങ്കാളിയെയും  പോലെയുള്ള വിപ്ലവകാരികളെയും  കൂട്ടി നടത്തിയ സമരങ്ങളുടെ  ചരിത്രം ഒക്കെ  മറന്നുകൊണ്ട് നരേന്ദ്ര മോഡിയ്ക്ക് സ്തുതിപാടുന്ന വെള്ളാപ്പള്ളിയും മകനും ഇപ്പോള്‍ ഹിന്ദുക്കളെ ഒരുമിപ്പിക്കുന്ന തിരക്കിലാണ്.ഹിന്ദുമതത്തിലെ ജാതി വ്യവസ്ഥയുടെ ഇരകളായിരുന്ന ഒരു സമുദായത്തെ അതില്‍ നിന്നും മോചിപ്പിച്ച സംഘടന തന്നെ പിന്നീട് ആ വ്യവസ്ഥിതിയുടെ കുഴലൂത്തുകാരായി മാറുന്ന ദയനീയ കാഴ്ച്ചയുടെ ഉത്സവം ആണ് ഇന്ന് തലസ്ഥാനത്ത് അരങ്ങേറുന്നത്.അതിനിടയില്‍ സുകുമാരേട്ടന്‍ ചതിച്ചു എന്നും പറഞ്ഞു വെള്ളാപ്പള്ളി അനിയന്‍ പത്രസമ്മേളനവും നടത്തിയിട്ടുണ്ട്.

സംഗമത്തിന്റെ മറ്റൊരു ഉദ്ദേശ്യം തുഷാരകുമാരനെ പ്രസ്ഥാനത്തിന്റെ അടുത്ത അധികാരിയായി പ്രഖ്യാപിച്ചു അംശവടി കൈമാറല്‍ ആണെന്ന് തോന്നുന്നു.തുഷാറിന്റെ പൂര്‍ണ്ണകായ ചിത്രങ്ങള്‍ ഉള്‍കൊള്ളുന്ന ഫ്ലക്സ്ബോര്‍ഡുകള്‍ക്ക് താഴെ എഴുതിയിരിക്കുന്ന വാചകം ആണ് ഈ അടുത്ത് കണ്ട ഏറ്റവും തമാശ നിറഞ്ഞ അശ്ലീലം എന്ന് പറയാതിരിക്കാന്‍ നിവൃത്തിയില്ല : “പോരാട്ടഭൂമിയിലെ സമരനായകന്‍ “. എന്ത് പോരാട്ടം ആണോ ആവോ ഇദ്ദേഹം നടത്തിയത്. എന്തായാലും കുറഞ്ഞത്‌ ഈഴവ സമുദായത്തില്‍പ്പെട്ടവര്‍ എങ്കിലും ഇത്തരം കള്ളനാണയങ്ങളെ തിരിച്ചറിയട്ടെ.