ശരീരം തളര്‍ന്നു കിടന്ന ഗുണ്ടയെ ബന്ധു പെട്രോളൊഴിച്ച് കത്തിച്ചു കൊന്നു

single-img
31 January 2014

കഴക്കൂട്ടം: തളര്‍ന്നുകിടക്കുന്ന കുപ്രസിദ്ധ ഗുണ്ടയെ ബന്ധു പെട്രോള്‍ ഒഴിച്ച് തീവെച്ചുകൊന്നു. മംഗലപുരം വാലികോണം പാറയില്‍ മൂര്‍ത്തിനടയ്ക്കടുത്ത് താമസിക്കുന്ന ബീഡി സുനി എന്ന സുനില്‍കുമാറാണ് (37) കൊല്ലപ്പെട്ടത്. ബന്ധു കെ.കെ.വനത്തിലെ ചെപ്പിരി ബൈജുവിനെ പോലീസ് തിരയുന്നു. ബൈജു ഏതാനും കേസുകളില്‍ പ്രതിയാണ്.

ബുധനാഴ്ച രാത്രി ഏഴരയ്ക്കാണ് സംഭവം. അന്ന് വൈകിട്ട് മൂന്നുമണിയോടെ സുനിൽ കുമാറിന്റെ വീട്ടിലെത്തിയ ബൈജുവും, മറ്റൊരു സുഹൃത്തും സംസാരിച്ച് ഇരിക്കുകയായിരുന്നു. ഇതിനിടയിൽ ബൈജുവും സുനിലും തമ്മിൽ വാക്കുതർക്കമായി.  ബൈജു തൊട്ടടുത്തുള്ള പന്പിൽ പോയി ഒരു ലിറ്റർ പെട്രോൾ വാങ്ങി കൊണ്ടുവന്നു കൊല്ലുമെന്ന് ഭീക്ഷണിമുഴക്കിയെത്ര. അടുത്തിരുന്നവർ ഇത് തമാശയാണെന്ന് കരുതി ഈ പെട്രാൾ ബൈക്കിലൊഴിച്ച് പോകുകയും ചെയ്തു. ഏഴുമണിയോടെ ബൈജു വീണ്ടും പോയി പെട്രാൾ വാങ്ങി തിരച്ചെത്തിയ ശേഷം സുഹൃത്തിനെ തൊട്ടടുത്ത കടയിൽ ബീഡി വാങ്ങാൻ പറഞ്ഞ് വിട്ടു.

ഇതിനുശേഷം എണീക്കാൻ കഴിയാതെ കിടന്ന സുനിലിന്റെ ദേഹത്ത് പെട്രാൾ ഒഴിച്ച ശേഷം തൊട്ടടുത്ത ചെറിയ ക്ഷേത്രത്തിന് മുന്നിൽ കത്തിച്ച് വച്ച മൺവിളക്ക് എടുത്ത് എറിയുകയായിരുന്നു. ബീഡിയും വാങ്ങി തിരിച്ചുവന്ന സുഹൃത്ത് തീ ആളി പടരുന്നത് കണ്ട് ഓടിയെത്തി പൈപ്പ് വെള്ളമെടുത്ത്  തീകെടുത്തുകയായിരുന്നു. തലയ്ക്ക് താഴെ പൂർണ്ണമായി പൊള്ളലേറ്റ സുനിലിനെ മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഇന്നലെ ഉച്ചയോടെ അന്ത്യം സംഭവിച്ചു.

മരണത്തിന് മുന്പ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റും പൊലീസും സുനിൽകുമാറിന്റെ മൊഴി ആശുപത്രിയിൽ എത്തി രേഖപ്പെടുത്തിയിട്ടുണ്ട്. സുനിൽകുമാറിന്റെ പേരിൽ മംഗലപുരം, പാരിപ്പള്ളി, ആറ്റിങ്ങൽ തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. അതുപോലെ  ബൈജുവും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ജയിലായിരുന്ന ബൈജു ഇക്കഴിഞ്ഞ 20നാണ് ജാമ്യത്തിലിറങ്ങിയത്.

അരയ്ക്ക് കീഴ്‌പോട്ട് തളര്‍ന്ന സുനില്‍ നാലഞ്ചുമാസം മുമ്പ് പണിത വീട്ടില്‍ സഹായിക്കൊപ്പമായിരുന്നു താമസം. പകല്‍ മുറ്റത്താണ് ചെലവഴിച്ചിരുന്നത്. സഹായി കസേരയില്‍ എടുത്തുകൊണ്ടു വന്നിരുത്തുകയായിരുന്നു പതിവ്. മുറ്റത്ത് കരിഞ്ഞ വാഴയ്ക്ക് സമീപം കസേരയും പായയും തലയിണയും കിടപ്പുണ്ട്. ബെഡിന്റെ ഉള്ളിലെ ചകിരിയും കാണാം. നിരവധി മോഷണ-പിടിച്ചുപറി കേസുകളില്‍ ഉള്‍പ്പെട്ട സുനില്‍ ആറ്റിങ്ങലില്‍ പോലീസുകാരനെ വെട്ടിയ കേസിലും പ്രതിയാണ്. ജയിലില്‍ നിന്നിറങ്ങുന്ന മോഷ്ടാക്കള്‍ ഇയാളെ കാണാന്‍ വരാറുണ്ടായിരുന്നു. നടക്കാനാവില്ലെങ്കിലും കാറില്‍ യാത്രചെയ്ത് ഇയാള്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാറുണ്ടായിരുന്നെന്ന് പോലീസ് പറഞ്ഞു.