കഴക്കൂട്ടത്തെ യുവാക്കളുടെ ആത്മഹത്യ : പ്രത്യേക സംഘം അന്വേഷിക്കുമെന്ന് രമേശ്‌ ചെന്നിത്തല

single-img
30 January 2014

തിരുവനന്തപുരം: രണ്ട് യുവാക്കൾ ഇന്നലെ ആത്മഹത്യ ചെയ്തത് യൂത്ത് കോൺഗ്രസുകാർ നൽകിയ കള്ളപ്പരാതിയെ തുടർന്നാണെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയിൽ അടിയന്തര പ്രമേയത്തിനു നോട്ടീസ് നൽകി. പി. ശ്രീരാമകൃഷ്ണനാണു നോട്ടീസ് നൽകിയത്.

സംഭവത്തെ കുറിച്ചു പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയെ അറിയിച്ചു. ഇതേതുടർന്ന് പൊലീസും യൂത്ത് കോൺഗ്രസ് നേതാക്കളും തമ്മിലുള്ള അവിശുദ്ധബന്ധത്തെ കുറിച്ച് അന്വേഷിച്ച് ആഭ്യന്തരമന്ത്രി റിപ്പോർട്ട് സമർപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ ആവശ്യപ്പെട്ടു.

ഇക്കാര്യത്തിലും ചെന്നിത്തല ഉറപ്പു നൽകി. ഗുണ്ടകൾക്കും ക്വട്ടേഷൻ സംഘങ്ങൾക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തുടർന്നു സ്പീക്കർ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു.

ഇന്നലെയാണ് തിരുവനന്തപുരം കഴക്കൂട്ടത്ത് സുഹൃത്തുക്കളായ യുവാക്കളെ റയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടത്തെിയത്. കുളത്തൂര്‍ കോലത്തുകര ക്ഷേത്രത്തിനു സമീപം കേളവിളാകംവീട്ടില്‍ ശ്രീകുമാറിന്‍്റെയും ജെസിയുടെയും മകന്‍ ശ്രീജിത് (24), കുളത്തൂര്‍ എസ്.എന്‍ നഗറില്‍ അശ്വതിഭവനില്‍ രാജഭദ്രന്‍്റെയും വത്സലയുടെയും മകന്‍ നിതീഷ് (കണ്ണന്‍20) എന്നിവരുടെ മൃതദേഹങ്ങളാണ് ട്രാക്കില്‍ കണ്ടത്തെിയത്.