മോട്ടോറോള മൊബിലിറ്റി യൂണിറ്റ് ഗൂഗിളിന്റെ കയ്യില്‍ നിന്നും ലെനോവോ വാങ്ങുന്നു

single-img
30 January 2014

ഇന്റര്‍നെറ്റ്‌ രംഗത്തെ അതികായന്മാരായ ഗൂഗിളിന്റെ അധീനതയിലുള്ള മോട്ടോറോള മൊബിലിറ്റി യൂണിറ്റ്   ചൈനീസ്‌ കമ്പ്യൂട്ടര്‍ നിര്‍മ്മാണക്കമ്പനിയായ ലെനോവോ വാങ്ങുന്നു. 3 ബില്യന്‍ ഡോളറിനാണ് ലെനോവോ ഇത് വാങ്ങുന്നത്. രണ്ടു വര്‍ഷം മുന്‍പാണ് 12.5 ബില്യന്‍ ഡോളറിനു ഗൂഗിള്‍ ഈ മൊബൈല്‍ ഫോണ്‍ നിര്‍മ്മാണക്കമ്പനി വാങ്ങുന്നത്.കമ്പനി നഷ്ടത്തിലായതിനെത്തുടര്‍ന്നാണ് ഗൂഗിള്‍ അത് വില്‍ക്കാന്‍ തീരുമാനിച്ചത്.

മൊബൈല്‍ ഫോണ്‍ വ്യവസായം വളരെയധികം മത്സരങ്ങള്‍ നിറഞ്ഞതാണെന്നും ലെനോവോയ്ക്ക് കമ്പനിയെ വളര്‍ത്തിയെടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ എന്നും ഗൂഗിള്‍ പറഞ്ഞു.എന്നാല്‍ പെഴ്സണല്‍ കമ്പ്യൂട്ടര്‍ നിര്‍മ്മാണ രംഗത്ത്‌ വലിയ നേട്ടമുണ്ടാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ തങ്ങളുടെ സ്മാര്‍ട്ട്‌ ഫോണ്‍ വ്യവസായം പച്ചപിടിപ്പിക്കാന്‍ മോട്ടോറോള മൊബിലിറ്റി യൂണിറ്റിലൂടെ സാധിക്കും എന്ന് ലെനോവോ കരുതുന്നു.ഈ കൈമാറ്റത്തോടെ ലെനോവോ ലോകത്തിലെ മൂന്നാമത്തെ വലിയ സ്മാര്‍ട്ട്‌ ഫോണ്‍ നിര്‍മാതാക്കള്‍ ആയി മാറിയിരിക്കുകയാണ്.സാംസങ്ങും ആപ്പിളും ആണ് ഒന്നും രണ്ടും സ്ഥാനത്ത് ഉള്ളത്.

എന്നാല്‍ മോട്ടോറോളയുടെ ഭാഗമായ ലാഭകരമായ പല പേറ്റന്റുകളും ( ആന്‍ഡ്രോയിഡ് സോഫ്റ്റ്‌വെയര്‍ അടക്കം ) ഗൂഗിള്‍ കൈമാറിയിട്ടില്ല എന്നാണു അറിയുന്നത്.

ആഴ്ചകള്‍ക്കുള്ളില്‍ ലെനോവോ നടത്തുന്ന രണ്ടാമത്തെ വലിയ പര്‍ച്ചേസ് ആണിത്.കഴിഞ്ഞ വ്യാഴാഴ്ചയാണ് ഐ ബി എമ്മിന്റെ ലോ ഏന്‍ഡ് സെര്‍വര്‍ ബിസിനസ്‌ , ലെനോവേ 2.3 ബില്ല്യന്‍ ഡോളറിനു വാങ്ങിയിരുന്നു.