രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളുടെ ഹര്‍ജ്ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

single-img
30 January 2014

ന്യൂഡല്‍ഹി: വധശിക്ഷ ഇളവ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജീവ്ഗാന്ധി വധക്കേസിലെ പ്രതികള്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ദയാഹര്‍ജി പരിഗണിക്കുന്നതില്‍ കാലതാമസമുണ്ടായാല്‍ വധശിക്ഷ ഇളവ് ചെയ്യാമെന്ന സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കും.

രാജീവ് ഗാന്ധി വധക്കേസിലടക്കം ബാധകമാകുന്ന വധശിക്ഷയുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി പുന പരിശോധിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം. ദയാഹര്‍ജി പരിഗണിക്കുന്നതില്‍ അനന്തമായ കാലതാമസമുണ്ടായാല്‍ ശിക്ഷ ജീവ പര്യന്തമായി കുറയ്ക്കാമെന്ന് ചീഫ് ജസ്റ്റീസിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് കഴിഞ്ഞ 21ന് ഉത്തരവിട്ടിരുന്നു.

അതിനിടെ ശിക്ഷ ഇളവ് ചെയ്യണമെന്നാവശ്യപ്പെട്ട് രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളായ മുരുകന്‍, ശാന്തന്‍, പേരറിവാളന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് വൈകിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം പാളി. പുനപരിശോധനാ ഹര്‍ജി നല്‍കി ഈ ഹര്‍ജികളില്‍ തീരുമാനം വൈകിപ്പിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമമെന്ന് പ്രതികളുടെ അഭിഭാഷകന്‍ രാം ജഠ്മലാനി കോടതിയെ അറിയിച്ചു. ഏറെ കാലമായി തീര്‍പ്പാക്കാതെ കിടക്കുന്ന ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് ഇനിയും വൈകിപ്പിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റീസ് പി. സദാശിവം വ്യക്തമാക്കി.

കേസില്‍ മൂന്ന് പേരുടേയും വധശിക്ഷ 1999ല്‍ സുപ്രീംകോടതി ശരിവെച്ചിട്ടും ദയാഹര്‍ജി രാഷ്ട്രപതി തള്ളിയത് 11 വര്‍ഷത്തിന് ശേഷമാണ്. ശിക്ഷ ഇളവ് ചെയ്യണമെന്നാവശ്യപ്പെട്ടുള്ള പ്രതികളുടെ ഹര്‍ജിയില്‍ വധശിക്ഷ മദ്രാസ് ഹൈക്കോടതി നേരത്തെ സ്‌റ്റേ ചെയ്തിരുന്നു.