ദല്‍ഹി പെണ്‍കുട്ടി രാത്രി സിനിമ കാണാന്‍ പോയതെന്തിനെന്നു മഹാരാഷ്ട്ര വനിതാക്കമ്മിഷന്‍ അംഗം

single-img
29 January 2014

സ്ത്രീകളുടെ വസ്ത്രധാരണവും പെരുമാറ്റവും ബലാല്‍സംഗത്തിന് കാരണമാകുന്നു എന്ന വിവാദപ്രസ്താവനയുമായി മഹാരാഷ്ട്ര വനിതാ കമ്മീഷന്‍ അംഗം രംഗത്ത്‌. എന്‍ സി പിയുടെ നേതാവും മഹാരാഷ്ട്ര വനിതാക്കമ്മീഷന്‍ അംഗവുമായ ആശാ മിര്‍ഗെ ആണ് തന്റെ പാര്‍ട്ടിയുടെ വനിതാപ്രവര്‍ത്തകര്‍ക്ക് വേണ്ടി  നടത്തിയ ഒരു പൊതുയോഗത്തില്‍ ഇത്തരത്തില്‍ ഒരു പ്രസ്താവന നടത്തിയത്.

ഡല്‍ഹിയില്‍ ക്രൂരമായ ബലാല്‍സംഗത്തിന് ഇരയായ മെഡിക്കല്‍ വിദ്യാര്‍ഥിനിയെയും അവര്‍ വെറുതെ വിട്ടില്ല. “ആ പെണ്‍കുട്ടിക്ക്  രാത്രി സുഹൃത്തിനോടൊപ്പം സിനിമയ്ക്ക് പോകേണ്ട കാര്യമുണ്ടായിരുന്നോ ? ” എന്നായിരുന്നു മിര്‍ഗെയുടെ ചോദ്യം.അതുപോലെ “ശക്തി മില്‍ കൂട്ടബലാല്‍സംഗക്കെസിലെ ഇരയായ പെണ്‍കുട്ടിക്ക് വൈകുന്നേരം ആര് മണി നേരത്ത് ആളൊഴിഞ്ഞ സ്ഥലത്ത് പോകേണ്ട കാര്യമെന്തായിരുന്നു?” എന്നും ചോദിച്ച മിര്‍ഗെ ബലാല്‍സംഗക്കെസുകളിലെ ഇരകളെ കുറ്റപ്പെടുത്തി അത്തരം സംഭവങ്ങളെ ന്യായീകരിക്കാന്‍ ആണ് മിര്‍ഗെ ശ്രമിച്ചത്.

“പെണ്‍കുട്ടികളുടെ വസ്ത്രധാരണവും പെരുമാറ്റവും അനുയോജ്യമല്ലാത്ത സ്ഥലങ്ങളിലെ അവരുടെ സാന്നിധ്യവും ഒക്കെ ബലാല്‍സംഗത്തിന് കാരണമാകും ” എന്നും ആശാ മിര്‍ഗെ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഇത് മിര്‍ഗെയുടെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും പാര്‍ട്ടിയുടെ അഭിപ്രായമല്ലെന്നും എന്‍ സി പി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

“ഈ പ്രസ്താവന നിര്‍ഭാഗ്യകരമാണെന്നും മൂന്നു വയസ്സുള്ള പെണ്‍കുട്ടികള്‍ വരെ ബലാല്‍സംഗം ചെയ്യപ്പെടുന്ന നാട്ടില്‍ ഇത്തരം പ്രസ്താവനകള്‍ക്ക് എന്ത് പ്രസക്തി ആണുള്ളതെന്നും” കോണ്ഗ്രസ്സിന്റെ വനിതാ സെല്‍ അംഗം ശോഭ ഓസ പ്രതികരിച്ചു.