ലൈംഗികാപവാദക്കേസ്സില്‍ ഉള്‍പ്പെട്ട വിശ്വഭാരതി സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് പദ്മശ്രീ കൊടുത്ത നടപടി വിവാദമാകുന്നു

single-img
29 January 2014

പശ്ചിമബംഗാളിലെ പ്രശസ്തമായ വിശ്വഭാരതി സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ ആയ സുശാന്ത ദത്തഗുപ്തയ്ക്ക് നല്‍കിയ പദ്മശ്രീ പുരസ്കാരം തിരികെ വാങ്ങണം എന്നാവശ്യപ്പെട്ട് പശ്ചിമബംഗാള്‍ വനിതാക്കമ്മീഷന്‍ പ്രസിടന്റ്റ് പ്രണബ് മുഖര്‍ജിക്കും പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനും കത്തയച്ചു.സുശാന്തയുടെ പേരില്‍ ഇപ്പോഴും ഒരു ലൈംഗികാപവാദക്കേസ് നിലനില്‍ക്കുന്നുണ്ട് എന്ന് ചൂണ്ടിക്കാട്ടിയാണ് ഇവര്‍ പരാതി നല്‍കിയത്.

എന്നാല്‍ ഈ ആരോപണം വൈസ് ചാന്‍സലര്‍ നിഷേധിച്ചു.തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്ന ചില സര്‍വകലാശാല ജീവനക്കാര്‍ ആണ് ഇത്തരം അപവാദ പ്രചാരണങ്ങള്‍ നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.

2004-ല്‍ ദത്തഗുപ്ത ഡയറക്ടര്‍ ആയിരുന്ന എസ് എന്‍ ബോസ് നാഷണല്‍ സെന്റര്‍ ഫോര്‍ ബേസിക് സയന്‍സസിലെ ഒരു വനിതാ പ്രോഫസ്സര്‍ ഗുപ്തയ്ക്കെതിരെ ലൈംഗികാപവാദക്കേസ് ഫയല്‍ ചെയ്തിരുന്നു.ശാസ്ത്ര സാങ്കേതിക മന്ത്രാലയം നിയോഗിച്ച കമ്മിറ്റി 2005 മാര്‍ച്ചില്‍ ഗുപ്ത കുറ്റക്കാരന്‍ ആണെന്ന് കണ്ടെത്തിയിരുന്നു.

സ്ത്രീസുരക്ഷയ്ക്ക് വേണ്ടി നടപടികള്‍ ആവശ്യമായ സമയത്ത് ലൈംഗികാപവാദക്കേസില്‍ ഉള്‍പ്പെട്ട ഒരു വ്യക്തിയ്ക്ക് പദ്മശ്രീ നല്‍കുക എന്നത് അപലപനീയമാണ് എന്ന് പശ്ചിമബംഗാള്‍ വനിതാ കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ സുനന്ദ മുഖര്‍ജ്ജി പ്രതികരിച്ചു.