മാള്‍ബറോ സിഗരറ്റിന്റെ പരസ്യത്തിലെ മോഡല്‍ കടുത്ത ശ്വാസകോശ രോഗം മൂലം മരിച്ചു

single-img
29 January 2014

ലോസ് എയ്ഞ്ചല്‍സ്  : പ്രശ്സതമായ സിഗരറ്റ് കമ്പനി മാള്‍ബറോയുടെ പരസ്യ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്ന പരുക്കന്‍ മോഡല്‍ എറിക്ക് ലോസണ്‍ അന്തരിച്ചു. 1978 മുതല്‍ 1981വരെ മാള്‍ബറോയുടെ പ്രശസ്ത പരസ്യ സിംബലായ കൗബോയിയായി അഭിനയിച്ചത് ഇദ്ദേഹമായിരുന്നു. ഈ കഴിഞ്ഞ ജനുവരി 10 നു ശ്വാസ കോശ അസുഖത്തെ തുടര്‍ന്നാണ് 72 വസ്സുകാരനായ ഇദ്ദേഹത്തിന്റെ മരണം.അമേരിക്കയിലെ സാന്‍ ലൂയിസ് ഒബിസ്പോയിലുള്ള തന്റെ വീട്ടില്‍ വെച്ചാണ് അന്ത്യം.

എറിക്ക് ലോസണും ഒരു സ്ഥിരം സിഗരറ്റ് വലിക്കാരനായിരുന്നു. അതിനാല്‍ തന്നെ 20 വര്‍ഷത്തോളമായി ക്രോണിക്ക് ഒബ്സ്ട്രക്ടിവ്  പള്‍മണറി ഡിസീസായിരുന്നു ഇദ്ദേഹത്തിന്.ഈ അസുഖത്തിന്റെ ഭാഗമായി വന്ന ശ്വാസം മുട്ടല്‍ ആണ് ഇദ്ദേഹത്തിന്റെ മരണകാരണമായത് എന്ന് അദ്ദേഹത്തിന്റെ ഭാര്യ സൂസന്‍ ലോസന്‍ അറിയിച്ചു.

ഇദ്ദേഹത്തിന് മുന്‍പ് ഉണ്ടായിരുന്ന മാള്‍ബറോ മോഡലുകളും ഇത്തരത്തില്‍ പുകവലി സംബന്ധമായ അസുഖം മൂലമാണ് മരിച്ചത്. ഡേവിഡ് മില്ലര്‍ 1989ല്‍ എംഫൈസിമാ മൂലവും, 1995ല്‍ ഡേവിഡ് മക്കെലന്‍ ശ്വാസ കോശ ക്യാന്‍സര്‍ മൂലവും മരിച്ചു.

ചാര്‍ളീസ് എയ്ഞ്ചല്‍സ്, എ-ടീം എന്നീ ടെലിവിഷന്‍ ഷോകളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.പില്‍ക്കാലത്ത്‌ ഇദ്ദേഹം പുകവലി വിരുദ്ധ പ്രചരണങ്ങളില്‍ സജീവമായിരുന്നു.