ഫയാസ്-പി മോഹനന്‍ കൂടിക്കാഴ്ചയുടെ ജയില്‍ സി സി ടി വി ദൃശ്യങ്ങള്‍ പുറത്ത്

single-img
29 January 2014

കോഴിക്കോട്: സ്വർണക്കടത്ത് കേസിലെ പ്രതി ഫയാസ് കോഴിക്കോട് ജില്ലാ ജയിലിൽ സി.പി.എം നേതാവ് പി. മോഹനൻ മാസ്റ്ററുമായി കൂടിക്കാഴ്ച നടത്തിയെന്ന് വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങൾ ചില ചാനലുകൾ പുറത്തുവിട്ടു. കഴിഞ്ഞവര്‍ഷം ജൂണ്‍ എട്ടിന് ഉച്ചകഴിഞ്ഞ് പകര്‍ത്തിയ സി സി ടി വി ദൃശ്യങ്ങളാണ് ചില  ന്യൂസ് ചാനലുകള്‍ പുറത്തുവിട്ടത്. ജയിൽ വെൽഫയർ ഓഫീസറുടെ മുറിയിൽ നിന്ന് ഇരുവരും കൂടിക്കാഴ്ചയ്ക്കുശേഷം പുറത്തിറങ്ങുന്നതാണ് ദൃശ്യങ്ങൾ.

15 മിനിറ്റുനീണ്ട കൂടിക്കാഴ്ചയ്ക്കുശേഷം ഫായാസും തൊട്ടുപിന്നാലെ പി മോഹനനും വെല്‍ഫെയര്‍ ഓഫീസറുടെ മുറിയില്‍നിന്ന് പുറത്തുവരുന്നത് സി സി ടി വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. സ്വര്‍ണക്കടത്ത് കേസിലെ പ്രതിയെ താന്‍ കണ്ടിട്ടില്ലെന്നാണ് പി മോഹനന്‍ പറഞ്ഞിരുന്നത്. സംശയമുള്ളവര്‍ക്ക് ജയിലിലെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇരുവരുടെയും കൂടിക്കാഴ്ചയെക്കുറിച്ച് പോലീസ് സമഗ്ര അന്വേഷണം നടത്തണമെന്ന് കൊല്ലപ്പെട്ട ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ ആവശ്യപ്പെട്ടു.

കൂടിക്കാഴ്ച നടത്തുന്ന മുറിയിൽ കാമറ ഇല്ലാത്തതിനാൽ അതിന്റെ ദൃശ്യങ്ങളില്ല. എന്നാൽ, നിമിഷങ്ങളുടെ ഇടവേളയിൽ ഫയാസും  മോഹനൻ മാസ്റ്ററും പുറത്തിറങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് ചാനലുകൾ പുറത്തുവിട്ടത്. ഫെയ്സ് ബുക്ക് വിവാദത്തിന് പിന്നാലെ ടി.പി വധക്കേസിലെ ചില പ്രതികൾ ജയിലിൽ ഫോണിൽ സംസാരിക്കുന്നതുൾപ്പെടെയുള്ള ചില ദൃശ്യങ്ങൾ കഴിഞ്ഞദിവസം ചാനലുകളിലൂടെ പുറത്തുവന്നിരുന്നു.